അനിൽ അംബാനി ആർകോമിൽനിന്നു രാജിവച്ചു
Sunday, November 17, 2019 12:00 AM IST
മുംബൈ: പാപ്പർ നടപടിയിലായ റിലയൻസ് കമ്യുണിക്കേഷൻസിലെ (ആർകോം) ഡയറക്ടർ സ്ഥാനം അനിൽ അംബാനി രാജിവച്ചു. പാപ്പരായ കന്പനിയുടെ ആസ്തികൾ വിറ്റുതീർക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇത്. സുപ്രീംകോടതി വിധിയെത്തുടർന്ന് കന്പനിക്കു വൻ ബാധ്യത വന്നുചേർന്ന സാഹചര്യത്തിലാണ് മുൻ ചെയർമാനായ അനിൽ അംബാനിയും നാലു ഡയറക്ടർമാരും രാജി സമർപ്പിച്ചത്.
കന്പനിക്ക് സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസം 30, 142 കോടിരൂപയാണ് നഷ്ടം. ഒരു വർഷം മുന്‍പ് ഇതേ ത്രൈമാസം 1142 കോടിരൂപ ലാഭമുണ്ടായിരുന്നു. ടെലികോം കന്പനികളുടെ മൊത്തവരുമാനത്തിൽ വരിക്കാർ നൽകുന്ന പണത്തിനു പുറമേ പരസ്യവരുമാനവും വേറെ വരുമാനങ്ങളും പെടുത്തണമെന്ന സുപ്രീംകോടതി വിധിയാണ് ആർകോമിനും പ്രശ്നമായത്. ഈ വിധിയെത്തുടർന്ന് സെപ്റ്റംബർ ത്രൈമാസത്തിൽ ആർകോം 28,314 കോടിയുടെ ബാധ്യത കണക്കിൽപ്പെടുത്തി. അങ്ങനെയാണ് നഷ്ടം 30,142 കോടിയായത്. വോഡഫോണ്‍ ഐഡിയ സെപറ്റംബർ ത്രൈമാസത്തിൽ കാണിച്ച 50,921 കോടിയുടെ നഷ്ടം കഴിഞ്ഞാൽ ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് ആർകോമിന്റേത്. മൂന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സിന് 2018 ഡിസംബർ ത്രൈമാസത്തിൽ 26,961 കോടിയാണ് നഷ്ടം. അതിനുപിന്നിൽ ഭാരതി എയർടെലിന്റെ സെപ്റ്റംബർ ത്രൈമാസത്തിലെ 23,045 കോടിയുടെ നഷ്ടം വരും.