കേന്ദ്രത്തിനെതിരേ ബിജെപി ഇതര സംസ്ഥാനങ്ങൾ
Thursday, November 21, 2019 12:08 AM IST
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരേ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ രംഗത്ത്. ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഇതുവരെ കൈമാറിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ ഏകപക്ഷീയമായി സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്നും കേരളം, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്ര ധനമന്ത്രിക്ക് എല്ലാ സംസ്ഥാനങ്ങളും കത്തയയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനു ശേഷം സംസ്ഥാനങ്ങൾക്കായി നിശ്ചയിച്ച നഷ്ടപരിഹാര പാക്കേജ് ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നഷ്ടപരിഹാര പാക്കേജ് പുനഃപരിശോധിക്കണമെന്നു കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിൽ ധനകാര്യ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ കേരളം അടക്കമുള്ള സംസ്ഥാന സർക്കാരുകൾ എതിർക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം പോലെ തലതിരിഞ്ഞ നയമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യുന്നത്. ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിലെ നഷ്ടപരിഹാര കുടിശികയാണ് കൈമാറാതിരിക്കുന്നത്. രണ്ട് മാസത്തേതായി 1600 കോടി രൂപ കുടിശികയുണ്ടെന്നും അത് ഒക്ടോബറിൽ പോലും കൈമാറാതെ നീട്ടിക്കൊണ്ടു പോകുകയാണെന്നും സംസ്ഥാനങ്ങളെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് തള്ളിവിടുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര കുടിശിക നൽകുന്നില്ലെന്ന ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിഷയം മന്ത്രിസഭാ ഉപസമിതിക്കു കൈമാറിയിരുന്നു. എന്നാൽ, കുടിശിക എന്നു കൈമാറുമെന്നു പറയാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല.
കേരളം ഇപ്പോൾ തന്നെ ഓവർ ഡ്രാഫ്റ്റിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകയും റിസർവ് ബാങ്കിൽ നിന്നു ചോദിച്ചു വാങ്ങുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികളെ പോലെ സംസ്ഥാന സർക്കാരുകൾക്ക് അധിക വരുമാന മാർഗങ്ങളൊന്നുമില്ല.
കൂടാതെ, കേരളത്തിനുള്ള വായ്പാ പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്നും ഇതിലൂടെ 2000 കോടി വായ്പയെടുക്കാനുള്ള സാഹചര്യം നഷ്ടമായെന്നും മന്ത്രി വിശദമാക്കി.