വാട്സ്ആപ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ഏജൻസി
Thursday, November 21, 2019 12:08 AM IST
മുംബൈ: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പിൽ വീഡിയോകളിലൂടെ വൈറസുകളെത്താൻ സാധ്യതയുണ്ടെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്.
കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റെസ്പോണ്‍സ് ടീം (സിഇആർടി- ഇൻ) ആണ് ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. എംപി4 ഫോർമാറ്റിലെത്തുന്ന വീഡിയോകളിലൂടെ വൈറസ് എത്താനാണ് കൂടുതൽ സാധ്യതയെന്നും വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് അപകടസാധ്യതു കുറയ്ക്കുമെന്നും സിഇആർടി - ഇൻ അറിയിച്ചു. വാട്സ് ആപ്പിലൂടെ എത്തുന്ന വീഡിയോ, ഉപയോക്താവ് ഡൗൺ ലോഡ് ചെയ്യുന്നതോടെയാണ് വീഡിയോയിൽ അടങ്ങിയിട്ടുള്ള വൈറസ് പ്രവർത്തനം ആരംഭിക്കുന്നത്.
തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈയാളുന്ന വൈറസ് ഇതിലെ വിവരങ്ങൾ ചോർത്തുകയോ ഫോണിന്റെ പ്രവർത്തനം തകരാറിലാക്കുകയോ ആണ് ചെയ്യുന്നത്.
വാട്സാപ്പിലെത്തുന്ന സംഗ്രഹങ്ങൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആകുന്ന സംവിധാനമാണുള്ളതെങ്കിൽ അപകട സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.