പരിധിയില്ലാതെ പരാതിപറച്ചിൽ; കസ്റ്റമർ കെയറിലേക്ക് 24,000 പ്രാവശ്യം വിളിച്ചയാളെ അറസ്റ്റ് ചെയ്ത് ജാപ്പനീസ് പോലീസ്
Tuesday, December 3, 2019 11:25 PM IST
പരിധിയില്ലാതെ വിളിക്കാമെന്നു ടെലികോം കന്പനികൾ തട്ടിവിടാറുണ്ടെങ്കിലും കസ്റ്റമർ കെയറിലേക്കുള്ള വിളിക്ക് പരിധി വയ്ക്കുന്നതാവും നല്ലതെന്നാണു ജപ്പാൻകാരുടെ ഉപദേശം.
ടെലികോം കന്പനിയുടെ കസ്റ്റമർ കെയറിലേക്ക് ഒരു പരിധിയും നോക്കാതെ വിളിച്ച് എഴുപത്തിയൊന്നുകാരൻ ജയിലിലായതോടെയാണു ജപ്പാനിലെ നെറ്റിസൻസ് പുതിയ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടു വർഷത്തിനിടെ 24,000 പ്രാവശ്യം കസ്റ്റമർ കെയറിലേക്കു വിളിച്ച അകിതോഷി ഒകാമോട്ടോയാണ് അറസ്റ്റിലായത്.
പലകുറി പരിഹാരമുണ്ടാക്കിയിട്ടും അകിതോഷിയുടെ പരാതിപറച്ചിലിന് അവസാനമില്ലെന്നു കണ്ടതോടെ കന്പനി ജാപ്പനീസ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ജോലി നിർവഹണം തടസപ്പെടുത്തുന്നതിനെതിരേയുള്ള വകുപ്പ് ചുമത്തിയാണു പോലീസ് അകിതോഷിയെ അകത്തിട്ടിരിക്കുന്നത്. “സേവനത്തിലെ പാളിച്ചകളുടെ പേരിൽ, തന്നെ നേരിൽക്കണ്ട് ഖേദമറിയിക്കണമെന്നു പറഞ്ഞായിരുന്നു അകിതോഷിയുടെ വിളികളിലേറെയും.
പലപ്പോഴും അകിതോഷിയുടെ ആവശ്യം കന്പനി അംഗീകരിച്ചിരുന്നു.
വീണ്ടും അടിസ്ഥാനമില്ലാത്ത പരാതികളുമായുള്ള വിളി ശല്യമായതോടെയാണു പരാതി പരാതിപ്പെടാൻ തീരുമാനിച്ചത് ’’-കന്പനി വക്താവ് പറഞ്ഞു.
അതേസമയം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുകയാണെന്നാണു പോലീസ് അറിയിച്ചത്.