സൂചികകൾ പുതിയ റിക്കാർഡിൽ
Monday, January 13, 2020 11:25 PM IST
മുംബൈ: ആഗോളവിപണികളിലെ ഉത്സാഹവും കന്പനികളുടെ ലാഭവർധനയും നിമിത്തമാക്കി ഇന്ത്യൻ ഓഹരിസൂചികകൾ പുത്തൻ ഉയരങ്ങളിലേക്കു കയറി. യുഎസ്-ചൈന വ്യാപാര ഉടന്പടി ഈ ബുധനാഴ്ച ഒപ്പുവയ്ക്കും എന്നതും വിപണികളെ ആവേശഭരിതമാക്കി.
സെൻസെക്സ് ഇന്നലെ മുന്നൂറോളം പോയിന്റ് കയറി 41,899.63 എന്ന ഉയരം കുറിച്ചു. ക്ലോസ് ചെയ്തത് 41,859.69 എന്ന പുത്തൻ റിക്കാർഡിൽ. തലേ വ്യാപാരദിനത്തേക്കാൾ 259.97 പോയിന്റ് (0.62 ശതമാനം) അധികം. നിഫ്റ്റി 12,337.75 വരെ കയറിയിട്ട് 12,329.55 ൽ ക്ലോസ് ചെയ്ത് റിക്കാർഡിട്ടു.
ഇൻഫോസിസ് ടെക്നോളജീസാണ് ഇന്നലെ വലിയ നേട്ടമുണ്ടാക്കിയ വലിയ ഓഹരി. മാനേജ്മെന്റിനെതിരായ ആരോപണങ്ങൾ അന്വേഷണസമിതി തള്ളിക്കളഞ്ഞതും മികച്ച വാർഷിക വരുമാനപ്രതീക്ഷയുമാണ് ഇൻഫോസിസിനു നേട്ടമായത്. ഓഹരിവില 4.76 ശതമാനം കയറി 773.40 രൂപയായി. ഇൻഡസ് ഇൻഡ് ബാങ്ക് 3.34 ശതമാനം കയറി. റിലയൻസ്, ടിസിഎസ്, എസ്ബിഐ തുടങ്ങിയവ ചെറിയതോതിൽ താഴോട്ടു പോയി.
രൂപയും ഇന്നലെ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള നിരക്കിൽ എട്ടുപൈസ നേട്ടം. ഡോളർ ഇന്നലെ 70.86 രൂപയായി താണു.