സ്കിൽ വാനുകളുമായി റബർ സ്കിൽ ഡെവലപ്മെന്റ് കൗണ്‍സിൽ
Thursday, January 16, 2020 12:27 AM IST
കൊച്ചി: തദ്ദേശീയ ടയർ മെക്കാനിക്കുകളെ പ്രഫഷണൽ പരിശീലനം നൽകി മികവുറ്റവരാക്കാൻ കേരളത്തിലെ ഹൈവേകളിലും ട്രാൻസ്പോർട്ട് ഹബുകളിലും സ്കിൽ വാനുകൾ ഓടിത്തുടങ്ങും.
വിദഗ്ധ പരിശീലകരും ടയർ ഫിറ്റിംഗ് ഉപകരണങ്ങളും അടങ്ങുന്നതാണു സ്കിൽ വാനുകൾ. റബർ സ്കിൽ ഡെവലപ്മെന്റ് കൗണ്‍സിലാണ് മൊബൈൽ വാനുകൾ അവതരിപ്പിച്ചത്.
2020 മാർച്ച് ആകുന്പോഴേക്കും 3,000 ടയർ മെക്കാനിക്കുകളെ വൈദഗ്ധ്യമുള്ളവരാക്കി മാറ്റാനും അവരെ സർട്ടിഫൈ ചെയ്യാനുമാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്നു റബർ സ്കിൽ ഡെവലപ്മെന്റ് കൗണ്‍സിൽ ചെയർമാൻ വിനോദ് സൈമണ്‍ പറഞ്ഞു. ആദ്യ മൊബൈൽ വാനിന്റെ ഫ്ളാഗ്ഓഫ് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. രാഘവൻ നിർവഹിച്ചു. കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗണ്‍സിലുമായി സഹകരിച്ച് ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷനും ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷനും ചേർന്നാണ് റബർ മേഖലയിൽ സ്കിൽ കൗണ്‍സിൽ രൂപീകരിച്ചത്.