വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പുതുനിയമം ആലോചനയിൽ
Thursday, January 16, 2020 12:27 AM IST
മുംബൈ: പുതിയ നിയമ നിർമാണത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപംപ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിദേശനിക്ഷേപകരും കേന്ദ്രസർക്കാരും തമ്മിലുള്ള വ്യാപാര തർക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാൻ സംവിധാനമൊരുക്കുന്ന നിയമ നിർമാണമാണ് അണിയറയിൽ ഒരുങ്ങുന്നത്.
40 പേജുകളുള്ള നിയമത്തിന്റെ കരടു രൂപത്തിൽ,വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കാനും മീഡിയേറ്ററെ നിയമിക്കാനും വ്യവസ്ഥചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വ്യാപാര തർക്കം സംബന്ധിച്ച കേസുകൾ തീർപ്പാക്കാൻ കാലതാമസമെടുക്കുന്നതു രാജ്യത്തു നിക്ഷേപം നടത്തുന്നതിൽനിന്നു വിദേശ വ്യവസായികളെ അകറ്റുന്നതായാണു വിലയിരുത്തൽ.
ഇന്ത്യയുമായുള്ള കാരാർ വ്യവസ്ഥകൾ കാലാവധി തീരും മുന്പേ നടപ്പിലാക്കാൻ കഴിയാതെ വരുന്നതും വിദേശ നിക്ഷേപകരെ അകറ്റുന്നുണ്ട്. നിലവിൽ ഇന്ത്യയും വിദേശ കന്പനികളും തമ്മിലുള്ള 20ഓളം കേസുകളാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്നത്.