ജിഎസ്ടി പിരിവ് ലക്ഷ്യം കൂട്ടി
Sunday, January 19, 2020 12:09 AM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ തീവ്രശ്രമവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഓരോ മാസത്തെയും നികുതിപിരിവ് ടാർഗറ്റ് പുതുക്കി നിശ്ചയിച്ചു. ജനുവരിയിലും ഫെബ്രുവരിയിലും 1.15 ലക്ഷം കോടി വീതവും മാർച്ചിൽ 1.25 ലക്ഷം കോടിയും പിരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഡിസംബർ വരെയുള്ള ഒന്പതുമാസക്കാലത്തു മാസം ശരാശരി 96,000 കോടി രൂപയേ ലഭിച്ചിരുന്നുള്ളൂ.
നികുതി വെട്ടിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കള്ള ഇൻവോയ്സുകൾ ഉപയോഗിച്ച് അമിതമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി)നേടുന്നവരെ കണ്ടെത്താനും നിർദേശമുണ്ട്. ഇതിനായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കും. ഡാറ്റാ അനലിറ്റിക്സും മറ്റും ഉപയോഗിച്ചു ബില്ലുകളും ഇൻവോയ്സുകളും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്.