ബാങ്ക് വായ്പ വർധിക്കുന്നു: റിസർവ് ബാങ്ക്
Saturday, February 15, 2020 11:14 PM IST
ന്യൂഡൽഹി: രാജ്യത്തു ബാങ്കുവായ്പകൾ വർധിച്ചുവരികയാണെന്നും വരുംമാസങ്ങളിൽ ഇതു കൂടുതൽ മെച്ചപ്പെടുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാങ്കുകൾ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നും ഗവർണർ പറഞ്ഞു.
റിസർവ് ബാങ്കിന്റെ കേന്ദ്ര ബോർഡ് സമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ദാസ്. ധനമന്ത്രി നിർമല സീതാരാമനും ഒപ്പമുണ്ടായിരുന്നു.
കേന്ദ്രബജറ്റ് പണപ്പെരുപ്പം കൂട്ടാൻ ഇടയാക്കുമെന്ന വിമർശനങ്ങൾ ദാസ് നിരാകരിച്ചു. ധനകമ്മി വർധിച്ചെങ്കിലും അതു പണപ്പെരുപ്പത്തിനു വഴിതെളിക്കില്ലെന്നാണു ദാസിന്റെ വാദം.
ബാങ്കുകളിൽനിന്നു വായ്പ നല്കുന്നതു വർധിച്ചുവരുന്നുണ്ട്. പലിശനിരക്ക് ഇനിയും താഴുമെന്നും അതോടെ വായ്പാ വിതരണം കൂടുമെന്നും അദ്ദേഹം പറഞ്ഞു.