ഉപഭോഗം കുറഞ്ഞു; റിപ്പോർട്ട് പുറത്തുവിടില്ല
Tuesday, February 18, 2020 11:57 PM IST
ന്യൂഡൽഹി: രാജ്യത്ത് ഉപഭോഗച്ചെലവ് കുറഞ്ഞതായി കാണിക്കുന്ന സർവേ റിപ്പോർട്ട് പുറത്തുവിടേണ്ടെന്നു തീരുമാനിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റേതാണു (എൻഎസ്സി) തീരുമാനം. കമ്മീഷൻ ചെയർമാൻ ബിമൽ കുമാർ റോയ് റിപ്പോർട്ട് പുറത്തുവിടുന്നതിന് അനുകൂലമായിരുന്നു. എന്നാൽ ചീഫ് സ്റ്ററ്റിസ്റ്റീഷൻ ഓഫ് ഇന്ത്യ പ്രവീൺ ശ്രീവാസ്തവ ഇതിനെ എതിർത്തു.
നാലു ദശകത്തിനിടയിൽ ആദ്യമായി രാജ്യത്ത് ഉപഭോഗച്ചെലവ് കുറഞ്ഞെന്നു കാണിക്കുന്നതാണു സർവേ റിപ്പോർട്ട്. 2012നെ അപേക്ഷിച്ചു 2018ൽ ഉപഭോഗച്ചെലവ് 3.7 ശതമാനം കുറഞ്ഞെന്നു സർവേയിൽ കണ്ടെത്തി. ഇതു സർക്കാരിനു രസിക്കാത്തതുകൊണ്ടാണു റിപ്പോർട്ട് പുറത്തുവിടേണ്ട എന്നു തീരുമാനിച്ചത്.
പകരം, 2021ലും 22ലും പുതിയ സർവേ നടത്താൻ തീരുമാനിച്ചു. അതിനുള്ള ചോദ്യാവലിയിലും രീതിയിലും മാറ്റം നിർദേശിക്കാൻ ഡോ. പ്രണാബ് സെൻ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. നേരത്തേ തൊഴിലില്ലായ്മ വർധിച്ചെന്നു കാണിക്കുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ പ്രസിദ്ധീകരണം ഒരു വർഷത്തിലേറെ വൈകിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷമാണ് അതു പ്രസിദ്ധീകരിച്ചത്.