കോവിഡിന്റെ പേരിൽ 37,500 കോടിയുടെ വിദേശ വായ്പകൾ
Tuesday, May 19, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡ്-19 രോഗം പടരുന്നതിന്റെ പേരിൽ ഇന്ത്യ ഇതുവരെ നേടിയെടുത്തത് 500 കോടി ഡോളറിന്റെ (37,500 കോടി രൂപ) വായ്പ. കോവിഡ് പ്രതിരോധം, ദുരിതനിവാരണം, ദുർബലവിഭാഗങ്ങൾക്ക് ആശ്വാസം, ആരോഗ്യ അടിസ്ഥാന സൗകര്യമൊരുക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾക്കായാണ് ലോകബാങ്ക്, ഏഷ്യൻ വികസനബാങ്ക്, എഐഐബി, എൻഡിബി എന്നിവയിൽ നിന്നു വായ്പകൾ. ഓരോ സ്ഥാപനത്തിൽ നിന്നുള്ള വായ്പയും അതിന്റെ ലക്ഷ്യവും.
ലോകബാങ്ക് 200 കോടി ഡോളർ (15,000 കോടി രൂപ):
ഏപ്രിലിൽ പ്രഖ്യാപിച്ച 100 കോടി ഡോളർ അടിയന്തര പ്രതികരണത്തിനും ആരോഗ്യ പരിപാലന സംവിധാനങ്ങൾ ഒരുക്കാനും.
മേയ് പകുതിയിലെ 100 കോടി ഡോളർ സാമൂഹ്യമേഖലയിലേക്ക്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് ഇതിൽ 75 കോടി ഡോളർ. ബാക്കി ജൂലൈക്കു ശേഷം പ്രാദേശികാവശ്യങ്ങൾക്ക്.
എഡിബി (ഏഷ്യൻ വികസന ബാങ്ക്) 150 കോടി ഡോളർ (11,250 കോടി രൂപ): രോഗപ്രതിരോധം, സാന്പത്തികമായി ദുർബലരായ വിഭാഗങ്ങളെ സംരക്ഷിക്കൽ എന്നിവയ്ക്ക്.
എഐഐബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ) 50 കോടി ഡോളർ (3750 കോടി രൂപ). കോവിഡ് വ്യാപനം തടയാനും ഭാവിയിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാനും സംവിധാനമൊരുക്കുന്നതിന്.
എൻഡിബി (ന്യൂ ഡെവലപ്മെന്റ് ബാങ്ക്) 100 കോടി ഡോളർ (7500 കോടി രൂപ): ബ്രിക്സ് രാജ്യങ്ങൾ രൂപം കൊടുത്ത എൻഡിബിയുടെ അടിയന്തര വായ്പ കോവിഡ്മൂലമുള്ള ദുരിതനിവാരണത്തിന്.