എസ്ബിഐ ലാഭം കൂടി
Friday, June 5, 2020 10:45 PM IST
മുംബൈ: ഉപകന്പനികളിലെ ഓഹരി വിറ്റുണ്ടായ ലാഭം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) റിക്കാർഡ് ലാഭം നേടിക്കൊടുത്തു. എസ്ബിഐ ലൈഫിലെയും എസ്ബിഐ കാർഡ്സിലെയും ഓഹരിവില്പനകളാണ് സഹായിച്ചത്.
ജനുവരി-മാർച്ചിലെ അറ്റാദായം ഇതുവഴി 3581 കോടി രൂപയായി. ഓഹരി വിറ്റ ലാഭമില്ലാതെ അറ്റാദായം 838 കോടി രൂപ മാത്രമായിരുന്നു.2019-20 ലെ വാർഷികലാഭം 14488 കോടി രൂപയാണ്. ഇതിൽ 6215 കോടി രൂപ ഓഹരി വില്പനയിൽനിന്നു ലഭിച്ചു.
ബാങ്കിന്റെ നിഷ്ക്രിയ ആസ്തി അനുപാതം 3.01 ശതമാനത്തിൽനിന്ന് 2.23 ശതമാനമായി കുറഞ്ഞു. പുതുതായി 8105 കോടി രൂപയുടെ കടങ്ങൾ നിഷ്ക്രിയമായി.ബാങ്കിന്റെ ഓഹരിവില ഇന്നലെ 7.9 ശതമാനം കയറി.