നിക്ഷേപകരെ വിപണിയിലേക്ക് അടുപ്പിച്ച വാരം
Monday, June 22, 2020 12:14 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
പ്രതികൂല വാർത്തകൾക്കിടയിലും ഇന്ത്യൻഓഹരി ഇൻഡെക്സുകൾ കരുത്തുകാണിച്ചത് ഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചു. ബാങ്കിംഗ്, റിയാലിറ്റി വിഭാഗം ഓഹരികളിൽ അലയടിച്ച ബുൾ തരംഗത്തിൽ ബോംബെ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽകൂടി തിളങ്ങി. സെൻസെക്സ് 950 പോയിന്റും നിഫ്റ്റി 271 പോയിന്റും പ്രതിവാരനേട്ടത്തിലാണ്. സൂചികകൾ ഏകദേശം മൂന്നു ശതമാനം മുന്നേറി.
വാരത്തിന്റെ ആദ്യദിനങ്ങളിൽ പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിഫ്റ്റി. 9972 പോയിന്റിൽനിന്ന് 9726 ലേക്ക് ആദ്യദിനത്തിൽതന്നെ തളർന്നു. തുടർന്നുള്ള ദിവസം 10,000 പോയിന്റിനു മുകളിലേക്കു പ്രവേശിച്ചങ്കിലും വ്യാഴാഴ്ച മാത്രമാണ് അഞ്ച് അക്കത്തിന് മുകളിൽ ക്ലോസിംഗിന് അവസരം ലഭിച്ചത്. വെളളിയാഴ്ച കൂടുതൽ കരുത്തു സംഭരിച്ച് 10,272 വരെ ഉയർന്നശേഷം 10,244 പോയിന്റിലാണ്. കഴിഞ്ഞ രണ്ടാഴ്ച ഇതേ കോളത്തിൽ സൂചിപ്പിച്ച 200 ആഴ്ചകളിലെ ശരാശരിയായ 10,368 റേഞ്ചിലെ പ്രതിരോധം തകർക്കാൻ വിപണിക്കായില്ല. ഇന്നും നാളെയും ഫണ്ടുകൾ വിപണിയോടു കാണിക്കുന്ന താത്പര്യത്തെ ആശ്രയിച്ചാവും ഈ വൻമതിൽ തകർക്കാനുള്ള കരുത്ത് നിഫ്റ്റി സ്വായത്തമാക്കുക.
നിഫ്റ്റിയുടെ പ്രതിവാര ചലനങ്ങൾ കണക്കിലെടുത്താൽ 10,435 ലാണ് ആദ്യ പ്രതിരോധം. ഇതു തകർത്താൽ വ്യാഴാഴ്ച നടക്കുന്ന ജൂൺ സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായി സൂചിക 10,626 ലേക്കു ദൃഷ്ടി തിരിക്കാം. ഇതിനിടെ കാലവർഷം ഉത്തരേന്ത്യയിൽ സജീവമാകുമെന്ന വാർത്ത ഊർജമാക്കി ജൂലൈയിൽ 11,172 പോയിന്റിനെ നിഫ്റ്റി ഉറ്റുനോക്കാം. ശക്തമായ ലാഭമെടുപ്പിനു നീക്കം നടന്നാൽ 9889ലേക്കു തിരുത്തലിനു ശ്രമിക്കാം. അത്തരം ഒരു നീക്കം തുടർന്നുള്ള ആഴ്ചകളിൽ 9534 ലേക്കു പരീക്ഷണങ്ങൾ തുടരാം.
മാർക്കറ്റിന്റെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ബുള്ളിഷ് ട്രെൻഡ് നിഫ്റ്റി നിലനിർത്താം. പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക്എസ്എആർ എന്നിവ മാത്രമല്ല, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവയും ചലനങ്ങളും മുന്നേറ്റ സാധ്യതയാണു നല്കുന്നത്. നിഫ്റ്റി അതിന്റെ 21,50 ദിവസങ്ങളിലെ ശരാശരിയെ അപേക്ഷിച്ച് ഏറെ മുകളിലാണ്.
ബോംബെ സെൻസെക്സ് 33,781ൽനിന്ന് ഒരു വേള 32,923ലേക്കു തളർന്നെങ്കിലും മുൻനിര ഓഹരികളിലെ വാങ്ങൽ താത്പര്യത്തിൽ 34,000വും കടന്ന് 34,848 വരെ കയറി. വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന് 34,731ൽ ക്ലോസിംഗ് നടന്നു. ഈ വാരം 35,411 ലേക്ക് ഉയരാനാവും ആദ്യനീക്കം. ഇതു വിജയിച്ചാൽ 36,092 പോയിന്റ് വരെ സെൻസെക്സ് ചുവടുവയ്ക്കാം. എന്നാൽ ആദ്യ പ്രതിരോധമേഖലയിൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള നീക്കം നടന്നാൽ 33,486‐32,242 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ നടത്തുന്ന നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണു വിപണി. വിദേശഫണ്ടുകളുടെ പിൻതുണ തുടർന്നാലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതു സാന്പത്തികമേഖലയെ വീണ്ടും തളർത്താം.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 32.65ൽനിന്ന് 29.78 ലേക്കു താഴ്ന്നു. ഈവാരം 26.52ലേക്കും തുടർന്ന് 23.58ലേക്കും നീങ്ങാനായാൽ ഓഹരി ഇൻഡെക്സുകളുടെ തിളക്കം വർധിക്കും. അതേസമയം വോളാറ്റിലിറ്റി സൂചികയുടെ പ്രതിരോധം 33.12 ലാണ്.
വിദേശനാണയ കരുതൽശേഖരം സർവകാല റിക്കാർഡിലാണ്.
ഇന്ത്യയുടെ ഫോറെക്സ് കരുതൽ ധനം 5.942 ബില്യൺ ഡോളർ ഉയർന്ന് ജൂൺ 12വരെയുള്ള ആഴ്ചയിൽ 507.644 ബില്യൺ ഡോളറായി. രൂപയുടെ മൂല്യം 75.77ൽ നിന്ന് 76.42 ലേക്ക് ദുർബലമായ ശേഷം ക്ലോസിംഗിൽ 76.18 ലാണ്. ഈ വാരം രൂപ 76.74-75.07 റേഞ്ചിൽ നിലകൊള്ളാം.
ക്രൂഡ് ഓയിൽ ബാരലിന് 34.29ൽനിന്ന് 40.45വരെ കയറിയ ശേഷം ക്ലോസിംഗിൽ എണ്ണ 39.42 ഡോളറിലാണ്. ഇതിനിടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കോവിഡ് പ്രതിസന്ധി മൂലം മേയിൽ 22.6ശതമാനം താഴ്ന്നു. 2005 നു ശേഷം ആദ്യമാണ് ഇറക്കുമതി ഇത്രമാത്രം കുറയുന്നത്.