പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ 100 കോടിയുടെ നിക്ഷേപം
Friday, July 31, 2020 11:36 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനുവേണ്ടി കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപകരിൽനിന്ന് 100 കോടി രൂപയിൽ അധികം സമാഹരിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇതുവരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. 10 ശതമാനം മികച്ച ലാഭവിഹിതം ഉറപ്പു നൽകുന്ന പദ്ധതിയാണിത്.
മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്കു സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ വർഷങ്ങളിൽ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോടു കൂട്ടിച്ചേർക്കുന്നതും നാലാം വർഷം മുതൽ നിക്ഷേപകർക്കു പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതുമാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്കു ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്കു മൂന്നു വർഷത്തെ ഡിവിഡന്റ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. വെബ്സൈറ്റ്: pravasikerala.org/dividend