പിടിവിട്ട് ധനക്കമ്മി
Friday, July 31, 2020 11:36 PM IST
മുംബൈ: നികുതി വരുമാനത്തിലെ ഇടിവിനെത്തുടർന്ന് നടപ്പുധനകാര്യവർഷത്തിലെ ആദ്യ പാദത്തിൽ കേന്ദ്രസർക്കാരിന് അതിഭീമ വരുമാന നഷ്ടം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം കുറവാണ് ഏപ്രിൽ- ജൂണ്‍ പാദത്തിലെ നികുതി വരുമാനത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ ധനക്കമ്മി 6.62 ലക്ഷം കോടി രൂപയായി. ബജറ്റ് പ്രതീക്ഷയിലെ വാർഷിക ധനക്കമ്മിയുടെ 83.2 ശതമാനമാണിത്. 7.96 ലക്ഷം കോടി രൂപയാണ് ബജറ്റ് പ്രതീക്ഷയിൽ കണക്കാക്കിയിരിക്കുന്ന വാർഷിക ധനക്കമ്മി. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കുറി ധനക്കമ്മിയിലെ വർധന 53.3 ശതമാനമാണ്.
കോവിഡിനെത്തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റുമാണു വരുമാനത്തിലിടിവുണ്ടാക്കിയത്. ഏപ്രിൽ- ജൂണ്‍ ത്രൈമാസത്തിലെ കോർപറേറ്റ് നികുതി വരുമാനത്തിലെ ഇടിവ് 23.2 ശതമാനമാണ്.
അതേസമയം ആദ്യ പാദത്തിലെ ഏപ്രിൽ, മേയ് മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ നികുതി വരുമാനം മെച്ചപ്പെട്ടതായാണ് കണക്കുകൾ. മേയിലെ നികുതി വരുമാനത്തിലെ ഇടിവ് 41 ശതമാനമായിരുന്ന സ്ഥാനത്ത് ജൂണിലെ നികുതിവരുമാന ഇടിവ് 23 ശതമാനമാണ്.
ലോക്ക് ഡൗണ്‍ പിൻവലിച്ചതിനെത്തുടർന്ന് വിപണിയിലുണ്ടായ ഉണർവിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
ഏപ്രിൽ- ജൂണ്‍ പാദത്തിലെ പൊതുചെലവ് 8,15,944 കോടി രൂപയായി. ഇത് ബജറ്റ് പ്രതീക്ഷയുടെ 26.8 ശതമാനമാണ്. കഴിഞ്ഞ വർഷം ആദ്യപാദത്തിലെ പൊതു ചെലവ് ബജറ്റ് പ്രതീക്ഷയുടെ 25.9 ശതമാനമായിരുന്നു.
ഏപ്രിൽ- ജൂണിലെ വരുമാനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 94.8 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബജറ്റ് പ്രതീക്ഷയുടെ 77 ശതമാനമായിരുന്നു വരുമാനക്കമ്മി.