ധനക്കമ്മി കുതിക്കുന്നു
Wednesday, September 30, 2020 11:34 PM IST
മുംബൈ: രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയുടെ നേർസാക്ഷ്യമായി ധനക്കമ്മിക്കണക്ക്. ഏപ്രിൽമുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ധനക്കമ്മി 8.7 ലക്ഷം കോടിയായി. ബജറ്റ് പ്രതീക്ഷയുടെ 109.3 ശതമാനം വരുമിത്.
ഏപ്രിൽമുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ രാജ്യത്തെ അറ്റ നികുതി വരുമാനം 2.84 ലക്ഷം കോടിയാണ്. പൊതു ചെലവ് ആകട്ടെ 12.5 ലക്ഷം കോടിയും. കോവിഡ് പ്രതിന്ധിയെത്തുടർന്ന് നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് ധനക്കമ്മി കുതിക്കാൻ കാരണം.
നടപ്പുസാന്പത്തിക വർഷം രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ എട്ട് ശതമാനമാകുമെന്നാണു വിലയിരുത്തൽ. ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനംആയിരിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നേരത്തെയുളള പ്രവചനം.അതേസമയം നടപ്പു സാന്പത്തിക വർഷം രണ്ടാം പകുതിയിൽ 4.34 ലക്ഷം കോടി രൂപ പൊതു വിപണിയിൽനിന്ന് വാങ്ങുമെന്ന് ധനമന്ത്രാലയം അറിയിച്ചു.