കാർഷിക കയറ്റുമതിയിൽ കുതിപ്പ് 43.4 ശതമാനം
Sunday, October 11, 2020 12:25 AM IST
മുംബൈ: കോവിഡ് വ്യാപനത്തേത്തുടർന്നുണ്ടായ പ്രതിസന്ധികൾ രാജ്യത്തുനിന്ന് വിട്ടുമാറാൻ മടിക്കുന്പോഴും കരുത്തോടെ കുതിച്ച് കാർഷിക രംഗം. നടപ്പു ധനകാര്യവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ രാജ്യത്തെ കാർഷികോത്പന്ന കയറ്റുമതി 43.4 ശതമാനം വർധിച്ച് 53,626.6 കോടി രൂപയായി.
കഴിഞ്ഞ ധനകാര്യ വർഷം (2019-20) ഇതേ കാലയളവിൽ 37,397.3 കോടി രൂപയുടേതായിരുന്നു കയറ്റുമതി. സെപ്റ്റംബറിലെ മാത്രം കണക്കെടുത്താൽ 81.7 ശതമാനമാണു വർധന. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 5114 കോടി രൂപയായിരുന്ന കാർഷിക കയറ്റുമതി ഇക്കുറി 9296 കോടി രൂപയായാണ് ഉയർന്നത്.
നിലക്കടല(35 ശതമാനം), പഞ്ചസാര(104 ശതമാനം), ഗോതന്പ്(206 ശതമാനം), ബസ്മതി അരി (13 ശതമാനം), അരി (105 ശതമാനം) എന്നിങ്ങനെയാണ് വിവിധ കാർഷിക ഇനങ്ങളുടെ കയറ്റുമതി വളർച്ച. ഇതിനു പുറമേ ഏപ്രിൽ- സെപ്റ്റംബർ കാലയളവിൽ 9002 കോടി രൂപ വ്യാപാരമിച്ചം രേഖപ്പെടുത്തിയെന്നും കാർഷിക മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2133 കോടി വ്യാപാരകമ്മിയുണ്ടായിരുന്ന സ്ഥാനത്താണിത്.
കാർഷിക കയറ്റുമതി മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ ഫലംകാണുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു.
കാർഷികോത്പന്ന കയറ്റുമതി വിപുലമാക്കാൻ നേരത്തെ എട്ട് കയറ്റുമതി പ്രോത്സാഹന കൂട്ടായ്മകൾക്ക് കേന്ദ്രസർക്കാർ രൂപം കൊടുത്തിരുന്നു.