തിരുത്തലിനുള്ള സാധ്യത തെളിയുന്നു
Monday, October 26, 2020 12:31 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ കൺസോളിഡേഷനുള്ള ശ്രമത്തിലാണ്. സെപ്റ്റംബറിൽ തുടങ്ങിയ ബുൾ റാലിയിൽ മുൻനിര ഓഹരികൾ പലതും കിതച്ച് തുടങ്ങിയതു തിരുത്തലിനുള്ള സാധ്യതകളിലേക്കു വിപണിയെ നയിക്കാം. വ്യാഴാഴ്ച ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് നടക്കും. പിന്നിട്ടവാരം സെൻസെക്സ് 702 പോയിന്റും നിഫ്റ്റി 167 പോയിന്റും നേട്ടത്തിലാണ്.
സാങ്കേതികമായി നിഫ്റ്റി ബുള്ളിഷെങ്കിലും പല ഇൻഡിക്കേറ്ററുകളും ഓവർ ബോട്ടായതിനാൽ തിരുത്തലിനുള്ള സാധ്യതകൾ ഫണ്ടുകളെ പ്രോഫിറ്റ് ബുക്കിംഗിന് പ്രേരിപ്പിക്കാം. കഴിഞ്ഞ രണ്ടാഴ്ചകളിൽ നിഫ്റ്റിക്ക് 12,040 ൽ പ്രതിരോധം നേരിട്ടു.
പോയവാരം 11,762ൽ നിന്നും 12,000 പോയിന്റ് മറികടന്നെങ്കിലും 12,018വരെയേ ഉയരാനായുള്ളു, ഈ അവസരത്തിൽ ഇടപാടുകാർ ലാഭമെടുപ്പിനു രംഗത്തിറങ്ങിയതോടെ സൂചിക 11,775 ലേക്കിടിഞ്ഞെങ്കിലും ക്ലോസിംഗിൽ 11,930 പോയിന്റിലാണ്. ഈവാരം 12,040ൽ വീണ്ടും തടസം നേരിടാം, ഇതു മറികടന്നാൽ നവംബർ സീരീസിൽ നിഫ്റ്റി 12,150‐12,393 പോയിന്റ് ലക്ഷ്യമാക്കും.
അതേസമയം ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ സൂചിക 11,797 ലേക്കും 11,664 ലേക്കും തിരുത്തൽ നടത്താം. ഈ അവസരത്തിൽ വിദേശ ഫണ്ടുകളിൽ നിന്നും വിൽപന സമ്മർദമുണ്ടായാൽ നിഫ്റ്റി 11,410ൽ പരീക്ഷണങ്ങൾ നടത്താം.
നിഫ്റ്റിയുടെ ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടായതു തിരുത്തലിന് ഇടയാക്കാം. എന്നാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷ് മൂഡിലാണ്.
ബോംബെ സെൻസെക്സ് വീണ്ടും 40,000നു മുകളിലെത്തി. 39,982നിന്നുള്ള കുതിപ്പിൽ 41,000 മറികടക്കുമെന്ന നിലയിലേക്ക് ഒരു വേള വിപണി കരുത്ത് കാണിച്ചെങ്കിലും 40,976ൽ സൂചികയ്ക്ക് കാലിടറി. വാരാന്ത്യം സെൻസെക്സ് 40,685ലാണ്. 40,231ലെ താങ്ങ് വാരത്തിന്റെ ആദ്യ ദിനങ്ങളിൽ നിലനിർത്തിയാൽ 41,429ലേക്കുള്ള ദൂരം കൈപ്പിടിയിൽ ഒതുക്കാനാവും. ആ മികവിൽ നവംബർ ആദ്യവാരം സെൻസെക്സ് 42,225നെ കീഴടക്കാം. എന്നാൽ ഡെറിവേറ്റീവ് മാർക്കറ്റിലെ ഒക്ടോബർ സെറ്റിൽമെന്റിനിടയിൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 39,777‐38,951 ലേക്കു വിപണി തിരിയും.
വിദേശഫണ്ടുകൾ 7375 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒക്ടോബറിൽ അവരുടെ നിക്ഷേപം 17,500 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ ഈ മാസം 7800 കോടി രൂപയുടെ ഓഹരി വിറ്റു.
ഒരു മാസത്തിനിടെ സെൻസെക്സ്3000 പോയിന്റും നിഫ്റ്റി 800 പോയിന്റും കയറി. വിദേശ ഓപ്പറേറ്റർമാരുടെ കരുത്തിൽ നീങ്ങുന്ന ഇന്ത്യൻ മാർക്കറ്റ് നവംബറിൽ റിക്കാർഡ്പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ.
ഒക്ടോബർ 16 ന് അവസാനിച്ച വാരം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 555.12 ബില്യൺ ഡോളറിലെത്തി. 3.615 ബില്യൺ ഡോളർ വർധന. ഒക്ടോബർ ഒൻപതിന് അവസാനിച്ച വാരം ഇത് 551.505 ബില്യൺ ഡോളറായിരുന്നു.
വിദേശ കറൻസി ആസ്തി കുത്തനെ ഉയർന്നു. 2013ൽ വിദേശ നാണയ ശേഖരം 275 ബില്യൺ ഡോളറായിരുന്നത് ഇപ്പോൾ ഇരട്ടിയായി ഉയർന്നു. എന്നാൽ 2013ൽ 52ൽ നിലകൊണ്ട രൂപയുടെ വിനിമയ നിരക്ക് ഇപ്പോൾ 73.63ലാണ്. ഏഴ് വർഷം കൊണ്ട് വിനിമയ നിരക്കിൽ 21 രൂപയുടെ ഇടിവ്. പത്ത് വർഷത്തിനിടയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യ ശോഷണം 30 രൂപയാണ്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 39.71 ഡോളർ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1901 ഡോളർ. ആഗോള നിക്ഷേപകർ അടുത്ത വാരം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്.