പ്രവാസി ഇന്ത്യക്കാരുടെ ശന്പളം; ആദായനികുതി ഇളവ് തുടരും: ധനമന്ത്രി
Thursday, April 1, 2021 10:43 PM IST
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ശന്പളത്തിന് ഇന്ത്യയിൽ ലഭ്യമാകുന്ന ആദായനികുതി ഇളവ് തുടരുമെന്നു ധനമന്ത്രി നിർമല സീതാരാമൻ.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഒരുതരത്തിലുള്ള അധികബാധ്യതയും ഫിനാൻസ് ആക്ടിൽ കൊണ്ടുവന്ന സമീപകാല ഭേദഗതികൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ട്വീറ്റിനോടു പ്രതികരിച്ച് ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച ഇളവുകളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകില്ല. സൗദിയിലെയും ഖത്തറിലെയും യുഎഇയിലെയും കഠിനാധ്വാനികളായ ഇന്ത്യക്കാർക്ക് ഒരുതരത്തിലുള്ള അധിക നികുതി ബാധ്യതയും ചുമത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.