കോവിഡ് രക്ഷാ ഉപകരണങ്ങൾക്ക് കൂടുതൽ ഇറക്കുമതി ഇളവുകൾ
Monday, May 3, 2021 11:26 PM IST
മുംബൈ: കോവിഡ് രക്ഷാ ഉപകരണങ്ങൾക്ക് കൂടുതൽ ഇറക്കുമതി ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രാലയം.
വിദേശത്തുനിന്ന് സൗജന്യമായി ലഭിക്കുന്നതും രാജ്യത്ത് സൗജന്യവിതരണത്തിനുള്ളതുമായ സാമഗ്രികളെ സംയോജിത ജിഎസ്ടി(ഐജിഎസ്ടി)യിൽനിന്നൊഴിവാക്കിയതായി ധനമന്ത്രാലയം അറിയിച്ചു. അടുത്തമാസം 30 വരെയാണ് ഇത്തരം ഉത്പന്നങ്ങൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവ് ലഭിക്കുക.
നിലവിൽ തുറമുഖകങ്ങളിൽ കസ്റ്റംസ് ക്ലിയറൻസ് കാത്ത് കിടക്കുന്ന സാമഗ്രികൾക്കും ഇളവ് ബാധകമാണ്.
വിവിധ സന്നദ്ധ സംഘടനകൾ, കോർപറേറ്റ് സംഘടനകൾ തുടങ്ങിയവയുടെ അപേക്ഷയെത്തുടർന്നാണ് നടപടി.
ഓക്സിജൻ കോണ്സൻട്രേറ്റർ, രോഗ നിർണയ കിറ്റ്, ക്രയോജനിക് ട്രാൻസ്പോർട്ട് ടാങ്ക്സ്, കോവിഡ് വാക്സിനുകൾ,റെംഡെസിവിർ തുടങ്ങിയവയ്ക്ക് നേരത്തെതന്നെ കേന്ദ്രസർക്കാർ ഇറക്കുമതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.