വീഡിയോ കെവൈസി അക്കൗണ്ട് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
Wednesday, May 12, 2021 11:34 PM IST
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് വീഡിയോ കെവൈസി അക്കൗണ്ട് സൗകര്യം അവതരിപ്പിച്ചു. ബാങ്കിന്റെ ശാഖ സന്ദർശിക്കാതെ വീഡിയോ കോളിലൂടെ പാൻ നന്പറും ആധാർ നന്പറും ഉപയോഗിച്ച് ഇടപാടുകാർക്ക് അക്കൗണ്ട് തുറക്കാമെന്നതാണു സവിശേഷത.
ഓണ്‍ലൈനിൽ കെവൈസി നടപടിക്രമങ്ങൾ വളരെ പെട്ടെന്നു പൂർത്തിയാക്കി സങ്കീർണതകളില്ലാതെ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണു വീഡിയോ കെവൈസി. ഫോട്ടോയെടുക്കലും ഒപ്പ്, കെവൈസി രേഖകൾ എന്നിവയുടെ പരിശോധനയും പെട്ടെന്നു പൂർത്തിയാകും. വീഡിയോ കെവൈസി ആധാരമായുള്ള അക്കൗണ്ട് തുറക്കലിനായി https://videokyc. southindianbank.com സന്ദർശിച്ചാൽ മതി. ഈ ലിങ്ക് ബാങ്കിന്റെ മൊബൈൽ ആപ്പായ എസ്ഐബി മിറർ പ്ലസിന്റെ പ്രീ-ലോഗിൻ പേജിലും ബാങ്കിന്റെ വെബ്സൈറ്റിലും കാണാവുന്നതാണ്. ഇടപാടുകാർ വൈബ്സൈറ്റിൽ ആധാർ നന്പറും പാനും നൽകേണ്ടതാണ്.
ഓഥന്റിക്കേഷൻ പൂർത്തിയായ ശേഷം വ്യക്തിപര വിവരങ്ങൾ ചേർക്കുകയും കെവൈസി നടപടി പൂർത്തീകരിക്കാൻ വീഡിയോ കോൾ ചെയ്യുകയുമാണു വേണ്ടത്. വീഡിയോ കെവൈസി വിജയകരമായി പൂർത്തിയായാൽ അക്കൗണ്ട് സ്വയമേവ തുറക്കുന്നതാണ്.കോവിഡ് കാലത്ത് അക്കൗണ്ട് തുറക്കുന്ന നടപടിക്രമം വീഡിയോ കെവൈസി എളുപ്പമാക്കുന്നുവെന്നു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.