കോവിഡ് ബാധിതർക്കു സ്വർണപ്പണയ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ
Saturday, May 15, 2021 11:23 PM IST
തൃശൂർ: കോവിഡ് രോഗബാധിതരുടെ കുടുംബങ്ങൾക്ക് സാന്പത്തിക ആശ്വാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് കെഎസ്എഫ്ഇ പുതിയ സ്വർണവായ്പാ പദ്ധതി പ്രഖ്യാപിച്ചു.
സൗഖ്യ സ്വർണപ്പണയ വായ്പ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2021 മാർച്ച് ഒന്നിനുശേഷം കോവിഡ് രോഗം ഭേദപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും ഒരു ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കിൽ സ്വർണപണയ വായ്പ ലഭിക്കും. കോവിഡിനെ അതിജീവിച്ച വ്യക്തി പ്രായപൂർത്തിയാവുകയും, റേഷൻ കാർഡിൽ പേരുണ്ടാവുകയും ചെയ്താൽ ലോൺ ലഭിക്കും. ആറുമാസത്തിനകം വായ്പ തിരിച്ചടച്ചാൽ മതിയാകും. കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ഈ വായ്പ ലഭിക്കും.
കോവിഡ് ബാധിച്ച ഓരോ കുടുംബത്തെയും സാന്പത്തിക ഞെരുക്കം പരിഹരിക്കാൻ ആശ്വാസം നൽകുന്നതിനാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ അറിയിച്ചു.