സ്വാഭാവിക റബറിനു വിലവര്‍ധനയുണ്ടാകും
Sunday, July 25, 2021 12:38 AM IST
കൊച്ചി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ സ്വാഭാവിക റബര്‍ വില വര്‍ധിച്ചേക്കുമെന്നു ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് കമ്മോഡിറ്റി റിസര്‍ച്ച് അനലിസ്റ്റ് അനു വി. പൈ.
കോവിഡിന്റെ രണ്ടാംതരംഗത്തെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് വാഹന നിര്‍മാണവും വില്പനയും കുറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ജൂണില്‍ വാഹനവില്പനയില് വര്‍ധനയുണ്ടായി.
കഴിഞ്ഞവര്‍ഷം ജൂണിൽ 1,05,617 യാത്രാവാഹനങ്ങൾ വിറ്റപ്പോൾ ഈ വര്‍ഷം ജൂണില്‍ 2,31,633 വാഹനങ്ങളാണ് വിറ്റുപോയത്. 119 ശതമാനം വർധന.
വിദേശ വിപണികളില്‍ സ്വാഭാവിക റബർ വില കുറവാണെങ്കിലും രൂപയുടെ മൂല്യശോഷണവും ഉത്പന്നം കടത്താനുള്ള കാലതാമസവും കൂടിയ ചരക്കുകടത്തുകൂലിയും കണക്കിലെടുക്കുമ്പോള്‍ ഇറക്കുമതി റബറിന്റെ വില കൂടുതലാകും. ഇത് ആഭ്യന്തര റബറിന്റെ ഡിമാൻഡ് കൂട്ടുന്നു.
എന്നിരുന്നാലും മൂന്നാം തരംഗത്തിന്റെ ആഗമന ഭീഷണിയും കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പുരോഗതിയും വിദേശ വിപണികളിലെ പ്രവണതകളുമായിരിക്കും വിപണിയുടെ സ്വഭാവം നിര്‍ണയിക്കുകയെന്നു സ്വാഭാവിക റബര്‍ ഉത്പാദക രാഷ്ട്രങ്ങളുടെ അസോസിയേഷന് (എഎന്‍ആര്‍പിസി) ചൂണ്ടിക്കാട്ടി.