ക്ഷീര സഹകരണസംഘങ്ങൾക്കു നികുതി ചുമത്താനുള്ള കേന്ദ്രനീക്കത്തിനെതിരേ മിൽമ
Tuesday, September 7, 2021 12:30 AM IST
തിരുവനന്തപുരം: 50 ലക്ഷം രൂപയിലധികം വാർഷിക വിറ്റുവരവുള്ള ക്ഷീര സഹകരണ സംഘങ്ങളിൽനിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) രംഗത്ത്.
ക്ഷീര സഹകരണസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് ക്ഷീരകർഷകരുടെ നിലനിൽപ്പിനെ ബാധിക്കുകയും സംഘങ്ങളെ നഷ്ടത്തിലാക്കുകയും ചെയ്യുമെന്നും ഇൻകം ടാക്സിൽനിന്നും സംഘത്തിന് ഇളവ് ലഭ്യമാക്കണമെന്നും മിൽമ ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങൾ ഇൻകം ടാക്സ് ഒടുക്കണമെന്ന കേന്ദ്രസർക്കാരിന്റെ സർക്കുലറിന്റെ പരിധിയിൽനിന്ന് ക്ഷീര സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തി സംസ്ഥാനത്ത് മിൽമയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെയർമാൻ കെ.എസ്. മണി പത്രസമ്മേളനത്തിൽ അറിയിച്ചു.
വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും നിവേദനം നൽകുകയും ചെയ്യും.
ഇന്നു രാവിലെ 10ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനരികെ നടക്കുന്ന ക്ഷീരകർഷക പ്രതിഷേധജ്വാല ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഇതേ സമയത്തു തന്നെ പ്രതിഷേധജ്വാല തെളിച്ച് സമരത്തിൽ പങ്കുചേരും.