ചാറ്റ് ബാക്ക്അപ്പിനും ഇനി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ
Saturday, October 16, 2021 12:14 AM IST
മുംബൈ: ഒടുവിൽ ചാറ്റുകളുടെ ബാക്ക്അപ്പിനും എൻഡ് ടുഎൻഡ് എൻക്രിപ്ഷൻ ഫീച്ചറിന്റെ സുരക്ഷയൊരുക്കി വാട്സ്ആപ്പ്. വർഷങ്ങളായി ചാറ്റുകൾക്ക് ഈ സുരക്ഷാക്രമീകരണമുണ്ടായിരുന്നെങ്കിലും ബാക്ക്ആപ്പുകൾക്ക് ഇതു ലഭ്യമായിരുന്നില്ല.
പുതിയ സംവിധാനം നടപ്പാകുന്നതോടെ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ ബാക്ക്അപ്പുകൾക്കും ചാറ്റുകളുടേതിനു തുല്യമായ സ്വകാര്യതയും സുരക്ഷയും ലഭിക്കും.
വാട്സ്ആപ്പിനോ ഗൂഗിൾഡ്രൈവ് പോലെയുള്ള ബാക്ക് അപ്പ് സേവന ദാതാക്കൾക്കോ ബാക്ക് അപ്പുകൾ പരിശോധിക്കാൻ കഴിയാതെ വരികയും ചെയ്യും. ബാക്ക്അപ്പുകൾ പാസ്വേഡ് അല്ലെങ്കിൽ എൻക്രിപ്ഷൻ കീ നൽകി സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. അടുത്ത അപ്ഡേഷനിലൂടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ക്രമീകരണം ലഭ്യമാകുമെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്.