പുതുക്കിയ ജിഎസ്ടി നിരക്ക് വിജ്ഞാപനം ചെയ്തു : വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വില കൂടും
Friday, November 19, 2021 11:20 PM IST
മുംബൈ: തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും ജിഎസ്ടി 12 ശതമാനമായി വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രപരോക്ഷ നികുതി ബോർഡ് (സിബിഐസി) വിജ്ഞാപനം ചെയ്തു.
പുതിയ നിരക്ക് അടുത്തവർഷം ജനുവരിയിലാണു പ്രാബല്യത്തിൽ വരിക. ഇതോടെ പാദരക്ഷകളുടെയും വസ്ത്രങ്ങളുടെയും വില ഉയരും.
അതേസമയം സിന്തറ്റിക് ഫൈബറുകൾ, പ്രത്യേകയിനം നൂലിഴകൾ തുടങ്ങിയവയുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി.
തുണിത്തരങ്ങളുടെയും ചെരുപ്പുകളുടെയും നികുതി നിരക്ക് ഏകീകരിക്കുമെന്നു സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സിൽ യോഗം അറിയിച്ചിരുന്നു.
നിലവിൽ 1000 രൂപവരെയുള്ള വസ്ത്രങ്ങൾക്കും 1000 രൂപവരെയുള്ള ഒരു ജോഡി പാദരക്ഷകൾക്കും അഞ്ചു ശതമാനമാണു ജിഎസ്ടി.