കോവിഡ് കാലത്തും നേട്ടങ്ങളുമായി കെഎസ്എഫ്ഇ
Thursday, November 25, 2021 12:02 AM IST
തൃശൂർ: പിന്നിട്ട അഞ്ചുവര്‍ഷങ്ങൾ കെഎസ്എഫ്ഇയുടെ അഭിമാനവര്‍ഷങ്ങൾ ആയിരുന്നെന്നു ചെയര്മാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനും പറഞ്ഞു.
2016-17ൽ 32643 കോടി രൂപ ടേൺ ഓവർ ആയിരുന്നത് 2020-21 ൽ 52762 കോടി രൂപയായി ഉയർന്നു. ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം 2016-17 ൽ ലാഭം 151 കോടി രൂപയും 2017-18 ൽ 256 കോടി രൂപയുമായി. 2018-19 ൽ 122 കോടിയും 2019-20 ൽ 105 കോടിയുമാണ് ലാഭം. കോവിഡിന്റെ പിടിയിൽ സമ്പദ് വ്യവസ്ഥ തകർന്ന 2020-21 ൽ ലാഭം 114 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
അഞ്ചുവർഷവും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വാർഷിക കണക്കെടുപ്പിൽ കെഎസ്എഫ്ഇ ആദ്യത്തെ ഒന്നും രണ്ടും സ്ഥാനങ്ങളിൽതന്നെ നിലനിന്നു. 44 ലക്ഷം ഇടപാടുകാരുള്ള കെഎസ്എഫ്ഇയിൽ ചിട്ടി വരിക്കാർ മാത്രം 22 ലക്ഷത്തോളം വരും.
ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്ന് പ്രവാസി ചിട്ടി പദ്ധതിയുടെ അവതരണമായിരുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹത്തിനും ഇന്ത്യയില്‍തന്നെ മറ്റു സംസ്ഥാനങ്ങളിൽ വസിക്കുന്ന മലയാളികള്‍ക്കും കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരാന്‍ അവസരം ലഭിച്ചു.
നോട്ടുനിരോധനം, രണ്ടു പ്രളയങ്ങള്‍, കോവിഡ് മഹാമാരി എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളെ നേരിട്ട കാലത്തും കെഎസ്എഫ്ഇയുടെ വിറ്റുവരവ് 50,000 കോടി രൂപ എന്ന നാഴികക്കല്ല് താണ്ടി. സ്വര്‍ണപ്പണയ വായ്പ ചരിത്രത്തിലാദ്യമായി 3000 കോടിയിലെത്തി.