ടയര്‍ കമ്പനികളുമായി ഒത്തുകളി; റബർ കോമ്പൗണ്ട് ഇറക്കുമതി കൂട്ടും
Monday, June 27, 2022 12:27 AM IST
പത്തനംതിട്ട: ടയര്‍ നിര്‍മാണത്തിനുള്ള റബര്‍ കോമ്പൗണ്ട് ഇറക്കുമതി കൂട്ടാനുള്ള കമ്പനികളുടെ നീക്കത്തിനു കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ. റബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നീക്കങ്ങള്‍ക്കെതിരേ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് കര്‍ഷക, വ്യാപാര സംഘടനകള്‍.
ജൂലൈയില്‍ മാത്രം 30,000 മെട്രിക് ടണ്‍ റബര്‍ കോമ്പൗണ്ട് ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇതിനു പിന്നാലെയുള്ള മാസങ്ങളിലേക്കും ഓര്‍ഡര്‍ വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ട്. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.
റബറിനൊപ്പം കാര്‍ബണും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത മിശ്രിതമാണ് കോമ്പൗണ്ട് റബര്‍ എന്ന പേരിലറിയപ്പെടുന്നത്. ഇതിനു പത്തു ശതമാനം മാത്രമാണ് ഇറക്കുമതിച്ചുങ്കം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് കമ്പനികളുടെ ഒത്തുകളി. സാധാരണ റബര്‍ഷീറ്റിന് 25 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കണം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോമ്പൗണ്ട് ഇറക്കുമതിയില്‍ വന്‍വര്‍ധനയാണുള്ളത്. തദ്ദേശീയ കോമ്പൗണ്ടിനേക്കാള് വിലക്കുറവാണ് വിദേശത്തുള്ളത്. നാലുതരം കോമ്പൗണ്ടുകള്‍ ഇക്കാലയളവില്‍ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. 2021-22ല്‍ മാത്രം 1569 കോടി രൂപ മൂല്യമുള്ള 1.14 ലക്ഷം ടണ്‍ കോമ്പൗണ്ട് ഇറക്കുമതി ചെയ്തു.സ്വാഭാവിക റബറിന്റെ വില ഇടിയാന്‍ ഇറക്കുമതി കാരണമാകുമെന്നാണ് ആശങ്ക.