ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു കേന്ദ്രധനസഹായം
Thursday, June 30, 2022 11:33 PM IST
ന്യൂഡൽഹി: ചെറുകിട ഇടത്തരം വ്യവസായങ്ങളെ (എംഎസ്എംഇ) പ്രോത്സാഹിപ്പിക്കുന്നതിന് 6,000 കോടിയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. എംഎസ്എംഇ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നലെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ചേർന്ന ഉദ്യമി ഭാരത് പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
സർക്കാരിന്റെ 200 കോടിയിൽ താഴെയുള്ള സംഭരണ പദ്ധതികൾക്ക് ഇനി മുതൽ എംഎസ്എംഇകളെ ആശ്രയിക്കും. പ്രകടനം മികച്ചതാണെങ്കിൽഎംഎസ്എംഇകളെ ആശ്രയിച്ചുള്ള സർക്കാർ സംഭരണം 500 കോടിയായി ഉയർത്തും. രാജ്യത്തെ 18,000ൽ അധികം വരുന്ന എംഎസ്എംഇകൾക്ക് 500 കോടിയുടെ ധനസഹായം നൽകിയിട്ടുണ്ട്.
രാജ്യത്ത് എല്ലായിടത്തും സ്വദേശീയമായി നിർമിച്ച മികച്ചയിനം ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങളുടെ തദ്ദേശീയ വിപണി ഉണ്ടാക്കുന്നതിലൂടെ വിദേശരാജ്യങ്ങളുടെ മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കുന്നതിനും ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാ എംഎസ്എംഇകളും ഗവണ്മെന്റ്-ഇ മാർക്കറ്റ് പ്ലേസുകളിൽ രജിസ്റ്റർ ചെയ്യണം. രാജ്യത്തിന്റെ വരുമാനത്തിൽ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നതിന് എംഎസ്എംംഇകൾക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.