ബധിര-മുക വിദ്യാർഥികൾക്കായി മൊബൈൽ ആപ്പുമായി ഫിസാറ്റ്
Monday, September 26, 2022 12:02 AM IST
അങ്കമാലി: ബധിര- മുക വിദ്യാർഥികൾക്കായി സൈൻ ലേൺ എന്ന മൊബൈൽ ആപ്പ് ഒരുക്കി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് വിദ്യർഥികൾ. ഫിസാറ്റ് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥികളായ പോൾ എലിയാസ് സോജൻ, നിനോ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യർഥികളാണ് ഈ ആപ്പ് വികസിപ്പിച്ചത്.
ന്യൂഡൽഹി സാമൂഹ്യനീതി വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് കേന്ദ്രമന്ത്രി പ്രതിഭ ഭൗമിക്ക് മൊബൈൽ ആപ്പ് നാടിനു സമർപ്പിച്ചു. 2021 ൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും ഇന്ത്യൻ സൈൻ ലാംഗ്വേജ് ആൻഡ് റിസർച്ച് ട്രെയിനിംഗ് സെന്ററും ഒപ്പിട്ട ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഫിസാറ്റ് വിദ്യാർഥികൾ അധ്യാപകനായ ജസ്റ്റിന്റെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചത്.
ബധിര-മൂക വിദ്യർഥികൾക്കു അവരുടെ ഭാഷ പെട്ടന്ന് മനസിലാക്കുന്നതിനും അവയിൽ പരിശീലനം നൽകുന്നതിനുമായി മൂവായിരത്തിലധികം വാക്കുകളും അവയുടെ ആംഗ്യഭാഷയും ആപ്പിലുണ്ട്. കൂടാതെ ബധിര മൂകരായ കുട്ടികളുമായി സംവദിക്കുന്നതിന് സാധാരണക്കാരായ ആളുകൾക്കും ആംഗ്യഭാഷ മൊബൈൽ ആപ്പ് നോക്കി പഠിക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.