സൂചികയുടെ സാങ്കേതിക ചലങ്ങൾ വിലയിരുത്തിയാൽ ഈവാരം 17,859 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 18,189 ലേയ്ക്ക് ഒരു തിരിച്ച് വരവിന് ശ്രമിക്കാം. പ്രീബജറ്റ് റാലിക്ക് നീക്കം നടന്നാൽ നിഫ്റ്റി 18,351 ലേയ്ക്ക് കുതിക്കാം. വിപണിയുടെ സെക്കൻഡ് സപ്പോർട്ട് 17,691 ലാണ്.
ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും വ്യക്തമായ ഒരു ദിശയിലേയ്ക്ക് തിരിയുന്നതിനായി ഫണ്ടുകൾ കാത്ത് നിൽക്കുന്നു. സൂപ്പർ ട്രെൻറ് സെല്ലിങ് മൂഡിൽ നീങ്ങുമ്പോൾ പാരാബോളിക്ക് എസ് ഏ ആർ ബയ്യങിനും അനുകൂലമായി. മറ്റ് പല സിഗ്ന ലുകളും ന്യൂട്ടറൽ റേഞ്ചിലാണ്. ബജറ്റിനോട് അനുബന്ധിച്ച് വ്യക്തമായ ഒരു ദിശ വിപണി കൈവരിക്കും.
ബോംബെ സെൻസെക്സ് 60,261 ൽ നിന്നും തുടക്കത്തിൽ 59,962 ലേയ്ക്ക് തളർന്ന ശേഷം കൈവരിച്ച കരുത്തിൽ 61,113 വരെ ഉയർന്നു. എന്നാൽ കൂടുതൽ മികവിന് അവസരം നൽക്കാതെ മുൻ നിര ഓഹരികളിലെ വിൽപ്പന സമ്മർദ്ദത്തിൽ സൂചിക വാരാന്ത്യം 60,621 പോയിൻറ്റിലാണ്. ഈവാരം 60,018 ലെ സപ്പോർട്ട് നിലനിർത്തി 61,168 ലെ പ്രതിരോധം തകർക്കാനുള്ള ഊർജം സ്വരുപിച്ചാൽ അടുത്ത ചുവടിൽ സെൻസെക്സ് 61,715 നെ ലക്ഷ്യമാക്കും.
പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 59,415 ലേയ്ക്ക് പരീക്ഷണങ്ങൾ നടത്താം. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരാണ്, അവർ 3513 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയിൽ ഇതിനകം 13,556 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. വിദേശ ഫണ്ടുകൾ ചെറിയ ബയിംഗിന് കഴിഞ്ഞ ദിവസം താത്പര്യം കാണിച്ചു. ആകെ 611 കോടി രൂപയുടെ ഓഹരി ശേഖരിച്ച അവർ മറ്റ് ദിവസങ്ങളിൽ 3072 കോടി രൂപയുടെ വില്പന നടത്തി.
ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 87 ഡോളറിലെത്തി. ജനുവരി ആദ്യ എണ്ണ വില 72.50 ഡോളറായിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും എട്ട് മാസത്തെ ഉയർന്ന നിരക്കായ 1938.60 ഡോളറിലെത്തിയ ശേഷം 1926 ഡോളറിലാണ്. 1919‐ 1911 ഡോളറിൽ താങ്ങ് നിലനിർത്തി സ്വർണം 1945‐1962 വരെ മുന്നേറാൻ ശ്രമം നടത്താം.