അദാനിക്കു മറുപടിയുമായി ഹിൻഡൻബർഗ്: തട്ടിപ്പിനു ദേശീയതയുടെ മറപിടിക്കേണ്ട ആവശ്യമില്ല
Tuesday, January 31, 2023 12:47 AM IST
ന്യൂയോർക്ക്: യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കുമേതിരെയുള്ള ആക്രമണമാണെന്ന അദാനിയുടെ മറുപടിക്കെതിരേ ഹിൻഡൻബർഗ് രംഗത്ത്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല എന്ന് അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തിൽ ഹിൻഡൻബർഗ് തിരിച്ചടിച്ചു.
രണ്ട് വർഷത്തെ അന്വേഷണത്തിൽ അദാനി ഗ്രൂപ്പ് ന് അസാധാരണമായ സ്റ്റോക്ക് കൃത്രിമത്വത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതായി ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മുൻ വർഷങ്ങളിൽ നേടിയ സാന്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു. ഇന്ത്യയെന്ന രാജ്യം ഉൗർജസ്വലമായ ജനാധിപത്യവും മികവുറ്റ ഭാവിയും വളർന്നുവരുന്ന മഹാശക്തിയുമാണ്. ദേശീയത ചൂണ്ടിക്കാട്ടി വഞ്ചന മറയ്ക്കാനാവില്ല. അദാനി നടത്തുന്ന കൊള്ള രാജ്യത്തിന്റെ ഭാവിയെ പിന്നോട്ടടിക്കുകയാണ്. വഞ്ചന വഞ്ചന തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’’.
ഹിൻഡൻബർഗ് മറുപടി പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ 413 പേജുള്ള മറുപടിയിൽ, സ്റ്റോക്ക് വിലകൾ താഴേക്ക് വലിച്ചിഴച്ച് ഒരു തെറ്റായ വിപണി സൃഷ്ടിച്ച് ഒരു യു എസ് സ്ഥാപനത്തെ സാന്പത്തിക നേട്ടമുണ്ടാക്കാൻ അനുവദിക്കുക എന്ന ഒരു ഗൂഢലക്ഷ്യമാണ് ഈ റിപ്പോർട്ടിന് പിന്നിൽ എന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
ഹിൻഡൻബർഗിന്റെ ഈ ആരോപണങ്ങൾ ഇന്ത്യയുടേയും അതിന്റെ സ്ഥാപനങ്ങളുടെയും വളർച്ചയുടെ നേർക്കുള്ള ആക്രമണമാണ് ഇതെന്നും, ഇത് കളവല്ലാതെ മറ്റൊന്നുമല്ലെന്നും അദാനി ഗ്രൂപ്പ് മറുപടിയിൽ പറഞ്ഞിരുന്നു.