കയറ്റുമതിയിൽ 8.8% ഇടിവ്
Friday, March 17, 2023 12:13 AM IST
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യണ്‍ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളാണ് കയറ്റുമതിയിലെ ഇടിവ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇറക്കുമതി 55.9 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം, ഈ സാന്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയർന്ന് 405.94 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഇറക്കുമതിയാവട്ടെ 18.82 ശതമാനം വർധിച്ച് 653.47 ബില്യണ്‍ ഡോളറായി.