ക്രെഡിറ്റ് സ്വീസിന് താത്കാലിക ആശ്വാസം
Friday, March 17, 2023 12:13 AM IST
ജനീവ: സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തത്കാലം രക്ഷപ്പെട്ടു. സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്ക് 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേക വായ്പാപദ്ധതി പ്രഖ്യാപിച്ചാണു ബാങ്കിനെ താങ്ങി നിർത്തുന്നത്. ബാങ്കിന്റെ പ്രശ്നങ്ങൾ ഇതുകൊണ്ടു തീരുന്നില്ല. ബാങ്ക് കാതലായ അഴിച്ചുപണി നടത്തേണ്ടിവരും. നഷ്ടം വരുത്തുന്ന ചില വിഭാഗങ്ങളും യൂണിറ്റുകളും വിൽക്കേണ്ടിവരും.
കഴിഞ്ഞ വർഷം സൗദി നാഷണൽ ബാങ്ക് 9.9 ശതമാനം ഓഹരി വാങ്ങിയപ്പാേൾ ഈ അഴിച്ചുപണി വാഗ്ദാനം ചെയ്തിരുന്നതാണ്. അതു സാധിച്ചില്ലെങ്കിൽ 167 വർഷം പഴക്കമുള്ള ബാങ്ക് വിൽക്കേണ്ടി വരാം. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്, രണ്ടാം സ്ഥാനത്തുള്ള ക്രെഡിറ്റ് സ്വീസിൽ താത്പര്യം എടുത്തേക്കാം.
ഇന്നലെ യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) കുറഞ്ഞ പലിശ അര ശതമാനം ഉയർത്തി. ഇതു ദുർബല ബാങ്കുകൾക്കു കനത്ത ആഘാതം ആകുമെന്നും വലിയ സമ്പത്തിക-ധനകാര്യ കുഴപ്പങ്ങൾക്കു വഴിയൊരുക്കുമെന്നും പല വിദഗ്ധരും മുന്നറിയിപ്പു നൽകിയിരുന്നു. ഈ തീരുമാനം വന്ന ശേഷം യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ ഇടിഞ്ഞു. ക്രെഡിറ്റ് സ്വീസിന്റെ ഭാവിക്കു വലിയ വെല്ലുവിളിയാണ് ഈ പലിശവർധന. 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമാണ് ഒരു ബാങ്കിനെ നിലനിർത്താൻ ഏതെങ്കിലും കേന്ദ്രബാങ്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിക്കുന്നത്.
തത്കാല പ്രതിസന്ധി നീങ്ങിയത് ബാങ്കിന്റെ ഓഹരി 20 ശതമാനത്തിലധികം തിരിച്ചു കയറാൻ സഹായിച്ചു. ബുധനാഴ്ച ഓഹരി 30 ശതമാനം ഇടിഞ്ഞതാണ്. യൂറോപ്യൻ ഓഹരി സൂചികകൾ വ്യാഴാഴ്ച തുടക്കത്തിൽ ഒരു ശതമാനം ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു. ബുധനാഴ്ച അവ മൂന്നു ശതമാനത്തിലധികം താഴ്ന്നിരുന്നു. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ആദ്യം ഗണ്യമായി ഉയർന്നെങ്കിലും പിന്നീടു താഴ്ചയിലായി. ഇന്ത്യൻ ഓഹരി വിപണിയും ഒരവസരത്തിൽ ഗണ്യമായി ഉയർന്നിട്ടു നാമമാത്ര നേട്ടത്തിലാണ് ഇന്നലെ അവസാനിച്ചത്.
ഇതിനിടെ, അമേരിക്കയിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് ഏതെങ്കിലും ബാങ്കിൽ ലയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച ആരംഭിച്ചു. പ്രൈവറ്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ് എന്നിവയിലാണു ഫസ്റ്റ് റിപ്പബ്ലിക് ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയിൽ മൂന്നു ബാങ്കുകൾ തകർന്നിരുന്നു. അമേരിക്കയിലും ബാങ്ക് ഓഹരികൾ കുത്തനേ താഴ്ന്നാണു വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ ഒക്ടോബർ-ഡിസംബർ കാലയളവിൽ ക്രെഡിറ്റ് സ്വീസിൽ നിന്ന് 12,500 കോടി ഡോളർ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടിരുന്നു. 2021 ഒടുവിൽ ബാങ്കിന്റെ ആസ്തി 1.614 ലക്ഷം കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നത് 2022 ഒടുവിൽ 1.294 ലക്ഷം കോടി ഫ്രാങ്ക് ആയി ഇടിഞ്ഞു. നിക്ഷേപകർക്കു ബാങ്കിലെ വിശ്വാസം കുറഞ്ഞതിന്റെ ഫലമാണത്. ബാങ്കിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വർഷം 800 കോടി ഡോളർ നഷ്ടവും വരുത്തി.
ക്രെഡിറ്റ് സ്വീസിൽ ഇന്ത്യൻ നിക്ഷേപം 20,700 കോടി രൂപ
രണ്ടു ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ കുറച്ച് ദിവസങ്ങളായി നിഫ്റ്റി വിൽപന സമ്മർദത്തിലായത് (0.5%ഇടിഞ്ഞു) ഇന്ത്യയിലും നിക്ഷേപകരെ ആശങ്കയിലാക്കി.
ക്രെഡിറ്റ് സ്വീസ് ബാങ്കിനുണ്ടായിരിക്കുന്ന പ്രതിസന്ധി ഇന്ത്യയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ബാങ്കിംഗ് വിദഗ്ധർ വ്യക്തമാക്കി. ഇന്ത്യയിലെ 12-ാമത്തെ വലിയ വിദേശ ബാങ്കാണ് ക്രെഡിറ്റ് സ്വീസ്. 20,700 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിന് ഇന്ത്യയിൽ നിന്നുള്ളത്.
എന്നാൽ, നിലവിൽ രൂപപ്പെട്ടിരിക്കുന്ന സാന്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.
2008ലെ സാന്പത്തിക തകർച്ചാകാലത്തെപ്പോലെ ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളൊന്നുമില്ലെന്നും നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.