ആദായനികുതി; വരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
Monday, March 20, 2023 2:19 AM IST
2023 ലെ ബജറ്റിൽ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചതെങ്കിലും ഈ വർഷത്തെ (2022-23 സാന്പത്തികവർഷം) നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു പഴയ സ്കീം സ്വീകരിക്കുന്ന നികുതിദായകർക്കു നിക്ഷേപങ്ങൾ നടത്തിയാൽ വരുമാനത്തിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പരിശോധിക്കാം.
മാർച്ച് മാസം നിക്ഷേപങ്ങളുടെ മാസം
ആദായനികുതി നിയമത്തിൽ വിവിധങ്ങളായ നിക്ഷേപങ്ങൾക്കും ചെലവുകൾക്കും തന്നാണ്ടിലെ വരുമാനത്തിൽനിന്നു കിഴിവുകൾ അനുവദിച്ചുതരുന്നുണ്ട്. നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ പ്രസ്തുത സാന്പത്തികവർഷം നടത്തിയിട്ടുള്ള നിക്ഷേപങ്ങളും കിഴിവിന് അർഹതയുള്ള ചെലവുകളും കണക്കിലെടുക്കണം. നികുതിദായകനു തെരഞ്ഞെടുക്കാവുന്ന വിവിധങ്ങളായ നിക്ഷേപപദ്ധതികളെപ്പറ്റിയും വരുമാനത്തിൽനിന്നു കിഴിവവു ലഭിക്കുന്ന ചെലവുകളെപ്പറ്റിയും പരിശോധിക്കാം.
പ്രധാനമായും ആദായ നികുതിനിയമത്തിലെ 80 സി വകുപ്പനുസരിച്ചാണ് നിക്ഷേപങ്ങൾക്ക് കിഴിവ് അനുവദിക്കുന്നത്. 80 സി അനുസരിച്ച് 1.5 ലക്ഷം രൂപയുടെയും 80 സിസിഡി (1 ബി) അനുസരിച്ച് എൻപിഎസിന് നൽകുന്ന അധികകിഴിവായ 50000 രൂപയുടെയും ഇളവാണു വരുമാനത്തിൽനിന്നു നിക്ഷേപങ്ങൾക്കു നൽകുന്നത്. കൂടാതെ ലഭിക്കുന്ന കിഴിവ് മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം തുകയും ഭവനവായ്പയുടെ തിരിച്ചടവിന്റെ മുതലിനും പലിശയ്ക്കുമുള്ള കിഴിവുകളുമാണ്.
പ്രൊവിഡന്റ് ഫണ്ട്
ശന്പളക്കാരായ നികുതിദായകരുടെ ശന്പളത്തിൽനിന്നു നിശ്ചിതതുക പ്രൊവിഡന്റ് ഫണ്ടിലേക്കു പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്കു നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണു കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. 31-03-2021 വരെ ഈ ഫണ്ടിൽ നിന്നും ലഭിക്കുന്ന മുഴുവൻ പലിശയ്ക്കും നികുതി ഇളവു ലഭിച്ചിരുന്നു. എന്നാൽ, അതിനുശേഷം നിക്ഷേപിക്കുന്ന തുകയിൽ 2.5 ലക്ഷം രൂപയ്ക്കു മുകളിൽവരുന്ന തുകയുടെ പലിശയ്ക്കു നികുതിയിളവില്ല. ഗവണ്മെന്റ് ജോലിക്കാർക്ക് ഈ പരിധി അഞ്ചു ലക്ഷം രൂപയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്കാണ് ഈ നിക്ഷേപാവസരം ലഭിക്കുന്നത്. നിക്ഷേപങ്ങൾക്കുള്ള പരമാവധി പരിധി പ്രതിവർഷം 1.5 ലക്ഷം രൂപയാണ്. 15 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. നിലവിൽ 7.9% പലിശ ലഭിക്കുന്നു.
ലൈഫ് ഇൻഷ്വറൻസ് പ്രീമിയം
ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണു കിഴിവ്്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിനു കിഴിവില്ല.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്)
ഓഹരിനിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണണിവ. ഇവയ്ക്കു ഗ്യാരണ്ടീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരിവിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം.
ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്
ബാങ്കുകളിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് സൊസൈറ്റികളിൽ നിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്കു പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പനുസരിച്ചു കിഴിവ് ലഭിക്കും. കിഴിവു ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്കു വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യമില്ല. വീടു വാങ്ങുന്പോഴുണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനും വീടു വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനും 80 സി അനുസരിച്ചു കിഴിവുണ്ട്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികളുടെ പേരിൽ (2 പെണ്‍കുട്ടികൾ, ഇരട്ടകളാണെങ്കിൽ 3) നിക്ഷേപിക്കുന്ന തുകയ്ക്കു പ്രതിവർഷം 150,000 രൂപ വരെ ആനുകൂല്യം ലഭിക്കും. എട്ടു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയ്ക്കു നികുതിയിൽനിന്ന് ഒഴിവ് ലഭിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നിലവിൽ അഞ്ചു വർഷത്തേയും 10 വർഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക ു ലിമിറ്റില്ല. ചുരുങ്ങിയ തുക 100 രൂപ. നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ കാലാവധി പൂർത്തിയാകുന്നതിന് മുന്‍പ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതി വിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യാം.
അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ
അഞ്ചു വർഷത്തേക്കുള്ള കാലാവധിയിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കും. പരമാവധി തുക 150,000 രൂപ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ഒരു വർഷം മുതൽ 2, 3, 5 എന്ന കാലാവധികളിൽ ലഭ്യമാണ്. നിലവിൽ ഉയർന്ന പലിശയുള്ള ഈ നിക്ഷേപ പദ്ധതിയുടെ പലിശയ്ക്കുനികുതി ഇളവില്ല. അഞ്ചു വർഷത്തെ ടൈം ഡെപ്പോസിറ്റുകൾക്കു നികുതിയിളവുണ്ട്.
സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 2004
മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള നിക്ഷേപ പദ്ധതിക്ക് ഉയർന്ന പലിശ ലഭിക്കും. കൂടാതെ 80 സി വകുപ്പിൽ ആനുകൂല്യവുമുണ്ട്. വോളണ്ടറി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്. ലോക്ക് ഇൻ കാലാവധി അഞ്ചു വർഷം.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ 80 സി വകുപ്പനുസരിച്ച് ആനുകൂല്യം ലഭിക്കും.
കുട്ടികളുടെ ടൂഷൻ ഫീസ്
ഈയിനത്തിൽ ചെലവാകുന്ന തുകയ്ക്കു കിഴിവു ലഭിക്കും (പരമാവധി 2 കുട്ടികൾ) പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം.
വകുപ്പ് 80 സിസിഡി (1 ബി)
എൻപിഎസിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കു മുകളിൽ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടിടിഎ
സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്കു പരമാവധി 10000 രൂപവരെ നികുതി ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടിടിബി
മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഡെപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലിശയിൽ 50,000 രൂപവരെ 80 ടിടിബി അനുസരിച്ചു കിഴിവ് ലഭിക്കും.
വകുപ്പ് 80 ഇ
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി എടുത്ത വായ്പയുടെ പലിശയ്ക്കു മൊത്തവരുമാനത്തിൽ നിന്നു കിഴിവ് ലഭിക്കും. തിരിച്ചടവു കാലാവധി എട്ടു വർഷത്തിൽ കൂടരുത്. ഉയർന്ന പരിധിയില്ല.
വകുപ്പ് 80 ജിജി
നികുതിദായകന്റെ പേരിലോ ഭാര്യയുടെ പേരിലോ മൈനറായിട്ടുള്ള കുട്ടികളുടെ പേരിലോ ജോലിസ്ഥലത്തു വീടില്ലെങ്കിൽ വീട്ടുവാടകയ്ക്കു നിബന്ധനകൾക്കു വിധേയമായി 5000 രൂപവരെ പ്രതിമാസ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ഡി
25000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കും. മുതിർന്ന പൗരന്മാർക്കു 50000 രൂപയും.
വകുപ്പ് 80 ഡിഡി
വൈകല്യം 80 ശതമാനത്തിൽ താഴെയും 40 ശതമാനത്തിൽ കൂടുതലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ചെലവിൽ 75,000 രൂപവരെ നിബന്ധനകൾക്കു വിധേയമായി ആനുകൂല്യം ലഭിക്കും. എന്നാൽ, വൈകല്യം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ 1,25,000 രൂപവരെ അനുവദിക്കും.
വകുപ്പ് 80 ഡിഡിബി
റെസിഡന്റ് ആയിട്ടുള്ള നികുതിദായകനെ ആശ്രയിച്ചു കഴിയുന്ന ബന്ധുവിനും നികുതിദായകനും മെഡിക്കൽ ചെലവുകൾക്കു പരമാവധി 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 60 വയസിനു മുകളിലുള്ള പൗരന് ഒരു ലക്ഷം രൂപവരെ ലഭിക്കും.
വകുപ്പ് 80 ജി
ഈ വകുപ്പ് അനുസരിച്ച് സംഭാവനയായി നൽകുന്ന തുകയ്ക്ക് 50 ശതമാനം അല്ലെങ്കിൽ 100 ശതമാനം വരെ കിഴിവുകൾ ലഭിക്കും. 2000 രൂപയ്ക്കു മുകളിലുള്ള തുക കാഷായി നൽകരുത്.
വകുപ്പ് 80 യു
ഈ വകുപ്പനുസരിച്ച് ഏതെങ്കിലും വിധത്തിൽ വൈകല്യം അനുഭവിക്കുന്നയാൾക്ക് 75000 രൂപവരെ കിഴിവ് ലഭിക്കും. എന്നാൽ ഗുരുതരമായ ശാരീരിക വൈകല്യമാണെങ്കിൽ 1,25,000 രൂപവരെ ലഭിക്കും,
വകുപ്പ് 80 ഇഇഎ
ഭവനവായ്പയുടെ പലിശയ്ക്ക് നികുതിക്ക് മുന്‍പുള്ള വരുമാനത്തിൽ നിന്നു നിലവിൽ ലഭിക്കുന്ന ആനുകൂല്യം കൂടാതെ ഒന്നരലക്ഷം രൂപയുടെ അധിക ഇളവ് ലഭിക്കും. ഏതെങ്കിലും സാന്പത്തിക സ്ഥാപനത്തിൽനിന്ന് എടുക്കുന്ന ഭവനവായ്പയുടെ പലിശയ്ക്കാണ് അധിക ഇളവ്. ഇതിന് താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1) വായ്പ എടുക്കുന്ന ഭവനത്തിന്റെ വില 45 ലക്ഷം രൂപയിൽ കവിയരുത്.
2) വായ്പ തുക 1-4-2019നും 3-3-2022നും ഇടയിൽ ധനകാര്യസ്ഥാപനങ്ങൾ പാസാക്കിയിരിക്കണം.
3) വായ്പ എടുക്കുന്ന സമയത്തു നികുതിദായകനു ഭവനം ഉണ്ടായിരിക്കരുത്.
4) നികുതിദായകൻ നിലവിലുള്ള കിഴിവായ 80 ഇഇഎ അനുസരിച്ചുള്ള 50000 രൂപയുടെ ആനുകൂല്യം സ്വീകരിക്കരുത്.
5) മെട്രോപ്പോളിറ്റൻ സിറ്റികളിൽ വാങ്ങുന്ന വീടുകളുടെ കാർപ്പെറ്റ് ഏരിയ 645 സ്ക്വയർ ഫീറ്റിൽ കൂടുതലാവരുത്. അല്ലാത്ത സ്ഥലങ്ങളിൽ ഇത് 968 സ്ക്വയർ ഫീറ്റ് വരെയാണ്. വീടിന്റെ കാർപ്പെറ്റ് ഏരിയ ഇതിൽ കൂടരുത്.
കൂടാതെ ഈ വകുപ്പനുസരിച്ച് റെസിഡന്റിനും നോണ്‍ റെസിഡന്റിനും ഇളവുകൾ എടുക്കാം. ഇളവുകൾ വ്യക്തികൾക്കു മാത്രമേ ലഭിക്കുകയുള്ളൂ.
പ്രസ്തുത വീട്ടിൽ സ്വന്തമായി താമസിക്കണമെന്നില്ല. വാടകയ്ക്ക് കൊടുത്താലും ഇളവ് ലഭിക്കും.