അദാനി ഓഹരികളിൽ ഇപിഎഫ്ഒ വീണ്ടും നിക്ഷേപം നടത്തും
Wednesday, March 29, 2023 12:43 AM IST
മുംബൈ: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിൽ തുടർന്നും നിക്ഷേപം നടത്താൻ തീരുമാനിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് 100 ബില്യണിലധികം യുഎസ് ഡോളറിന്റെ നഷ്ടം അദാനി ഗ്രൂപ്പിനുണ്ടായിരുന്നു. നിരവധി വലിയ നിക്ഷേപകർ അദാനി ഗ്രൂപ്പിൽനിന്നു തങ്ങളുടെ നിക്ഷേപം പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇപിഎഫ്ഒയുടെ നടപടി വലിയ വിമർശനത്തിനു വിധേയമായി.
അദാനി ഗ്രൂപ്പിന്റെ പ്രധാന കന്പനിയായ അദാനി എന്റർപ്രൈസസിലും അദാനി പോർട്സ് & സ്പെഷൽ ഇക്കണോമിക് സോണിലുമാണ് ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നത്. അദാനി ഗ്രൂപ്പും ഓഹരികളും മുന്പെങ്ങുമില്ലാത്ത വിധം നഷ്ടം നേരിടുന്പോഴാണ് ഇത്. ഈ വർഷം സെപ്റ്റംബർ വരെയെങ്കിലും ഇപിഎഫ്ഒ, അദാനി ഓഹരികളിൽ ഇത്തരത്തിൽ നിക്ഷേപം നടത്തുമെന്നുമാണ് പുറത്തു വരുന്ന വിവരം. അദാനി ഓഹരികൾ തുടർച്ചയായി അസ്ഥിരമാണ്്.
അതിനിടെ ഇന്നലെ അദാനിയുടെ ഒാഹരികൾക്കു റിക്കാർഡ് തകർച്ചയുണ്ടായി. 50000 കോടിരൂപയുടെ നഷ്ടമാണ് അദാനിക്ക് ഇന്നലെ ഉണ്ടായിരിക്കുന്നത്. അദാനിയുടെ എല്ലാ ഒാഹരികളും ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 7.06 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോർട്സ് 5.66 ശതമാനം, അദാനി പവർ അഞ്ച് ശതമാനം, അദാനി ട്രാൻസ്മിഷൻ അഞ്ച് ശതമാനം, അദാനി ഗ്രീൻ എനർജി അഞ്ചു ശതമാനം, അദാനി ടോട്ടൽ ഗ്യാസ് അഞ്ച് ശതമാനം, അദാനി വിൽമർ 4.9 ശതമാനം, എൻഡി ടിവി 4.99 ശതമാനം എസിസിക്ക് 4.22 ശതമനം, അംബുജ സിമന്റ് 2.91 എന്നിങ്ങനെയാണ് അദാനിയുടെ മറ്റ് ഒാഹരികൾക്കുണ്ടായ തകർച്ച.
വിമർശിച്ച് രാഹുൽ
ഇപിഎഫ്ഒയുടെ തീരുമാനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങളുടെ പണം എന്തിനാണ് അദാനിക്കു നൽകുന്നതെന്നാണ് രാഹുൽ ചോദിച്ചത്. ഇതിൽ നിന്നുതന്നെ മോദി-അദാനി കൂട്ടുകെട്ടു വ്യക്തമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അതേസമയം, അദാനി കന്പനികളുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടില്ലെന്നു കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താത്തതെന്നും കേന്ദ്രം രേഖാമൂലം അറിയിച്ചു.