കൂടുതൽ നിക്ഷേപവും തൊഴിലവസരവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ നയം
Wednesday, March 29, 2023 11:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിക്ഷേപവും കൂടുതൽ തൊഴിൽ അവസരവും ലക്ഷ്യമിട്ടുള്ള വ്യവസായ നയം 2023 ന് അംഗീകാരം. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ളതാണു നയമെന്നു വ്യവസായ മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെതന്നെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനാണു നയം ലക്ഷ്യമിടുന്നത്.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഡേറ്റാ മൈനിംഗ് , അനാലിസിസ് തുടങ്ങിയ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20 ശതമാനമോ പരമാവധി 25 ലക്ഷം രൂപയോ തിരിച്ച് സംരംഭകർക്കു നല്കുന്ന പദ്ധതി, എംഎസ്എംഇ വ്യവസായങ്ങൾക്ക് അഞ്ചു വർഷത്തേക്കു വൈദ്യുതി ഇളവ്, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ സംരംഭകർക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്, എംഎസ്എംഇ ഇതര സംരംഭങ്ങൾക്കു സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ചുവർഷത്തേക്കു തിരികെ നല്കുന്ന പദ്ധതി എന്നിവയും 2023 ലെ വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
വ്യവസായ നയത്തിലെ മറ്റു പ്രധാന നിർദേശങ്ങൾ
=50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിര ജോലിക്കെടുക്കുന്ന വൻകിട ,മെഗാ സംരംഭങ്ങളിൽ അത്തരത്തിലുള്ള തൊഴിലാളികൾക്ക് നല്കുന്ന മാസ വേതനത്തിന്റെ 25 ശതമാനമോ പരമാവധി 5000 രൂപയോ തൊഴിലുടമയ്ക്കു സംരംഭം ആരംഭിച്ച് ഒരു വർഷത്തേക്ക് തിരികെ നല്കും
=ട്രാൻസ് ജൻഡർ തൊഴിലാളികൾക്ക് നല്കുന്ന പ്രതിമാസ വേതനത്തിന്റെ 7500 രൂപ സ്ഥാപനം ആരംഭിച്ച് ഒരു വർഷം വരെ തൊഴിലുടമയ്ക്ക് തിരികെ നല്കും
=മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തമാക്കാൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിംഗിനും നിർമാണത്തിനും സൗകര്യം ഒരുക്കും
=ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിംഗിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കാൻ ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ്വേർ പാർക്കും സ്ഥാപിക്കും
=ഇലക്ട്രിക് വാഹനരംഗത്തെ മുന്നേറ്റം ഉപയോഗപ്പെടുത്താനായി അഡ്വാൻസ്ഡ് ബാറ്ററി നിർമാണ ഇവി പാർക്കുകൾ സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേകം ഗ്രാന്റ് അനുവദിക്കും.
=ഫുഡ് ടെക്നോളജി മേഖലയിൽ ഫുഡ് ടെക് ഇൻകുബേറ്ററുകൾ സ്ഥാപിക്കും
=ലോജിസ്റ്റിക് കണക്ടിവിറ്റി വർധിപ്പിക്കാൻ മിനി-മൾട്ടി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും
= നാനോ ടെക്നോളജി ഉപയോഗിക്കാൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും
= സംസ്ഥാനത്തെ എയ്റോസ്പേസ്, ഡിഫൻസ് ടെക്നോളജി ഹബ്ബ് ആക്കി മാറ്റുന്നതിനായി കേരളാ സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും.
വ്യവസായ നയം ലക്ഷ്യമിടുന്നത് മുൻഗണന
വ്യവസായ നയം 2023 ലക്ഷ്യമിടുന്നത് മുൻഗണനാ മേഘലകളിലൂന്നിയുള്ള വ്യവസായ വത്കരണം. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് നിർമിത ബുദ്ധി, റോബോട്ടിക്, മറ്റ് ബ്രേക്ക്ത്രൂ സാങ്കേതികവിദ്യകൾ, ആയുർവേദം, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകല്പനയും ഉത്പാദനവും എൻജിനിയറിംഗ് ഗവേഷണവും വികസനവും എന്നിവ മുൻഗണനാ പട്ടികയിൽ പെടുന്നു. കൂടാതെ ഭക്ഷ്യസാങ്കേതിക വിദ്യകൾ, ഗ്രാഫീൻ, ഉയർന്ന മൂല്യവർധിത റബർ ഉത്പന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും മെഡിക്കൽ ഉപകരണങങൾ നാനോ ടെക്നോളജി ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിംഗും മാലിന്യസംസ്കരണവും പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളും വ്യവസായ നയം 2023 ന്റെ മുൻഗണനാ പട്ടികയിൽ വരുന്നു. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിനു മുൻഗണന നല്കുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഗ്രഫീൻ പോലെയുള്ള നവീന മേഖലകളിൽ ഗവേഷണത്തിന് സഹായം നല്കാനും സർക്കാർ ലക്ഷ്യമിടുന്നു,. സംസ്ഥാനത്തെ ഉത്പന്നങ്ങൾക്ക് കേരളാ ബ്രാൻഡ് ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്നും വ്യവസായ നയം വ്യക്തമാക്കുന്നു.
നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെയുള്ള വായ്പ
10 ലക്ഷം രൂപ വരെ മുതൽമുടക്കുവരുന്ന സൂക്ഷ്മ, ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനു നാലു ശതമാനം പലിശയ്ക്ക് വായ്പകൾ ലഭ്യമാക്കുമെന്നു വ്യവസായനയം 2023. കൂടാതെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്പോൾ മൂലധന സബ്സിഡി ഇൻസെന്റീവും നല്കും. സംരംഭം ആരംഭിച്ച് ആദ്യ അഞ്ചുവർഷം ഇലക്ട്രിസിറ്റി ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. വൻകിട, മെഗാ സംരംഭങ്ങൾക്കു സ്ഥിരമൂലധന നിക്ഷേപത്തിന്റെ 10 ശതമാനം നിക്ഷേപ സബ്സിഡി നല്കും. ഇത് പരമാവധിയായി 10 കോടി രൂപയായി നിജപ്പെടുത്തി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നു കോടി നല്കും. സംസ്ഥാനത്തെ സർവകലാശാലകളുമായി ഗവേഷണ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾക്ക് ഗവേഷണ വികസന ചെലവിന്റെ 20 ശതമാനം ധനസഹായം നല്കും. ഇത് പരമാവധി ഒരു കോടി രൂപ വരെയാകാം.