കാലിടറി സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 22, 2023 12:42 AM IST
നിഫ്റ്റി നാലാം വാരം കരുത്തുനിലനിർത്താനുള്ള ശ്രമം വിജയിച്ചില്ല. മുൻവാരം സൂചിപ്പിച്ച 18,449 പോയിന്റിലെ പ്രതിരോധം തകർക്കാൻ നടത്തിയ ശ്രമത്തിനിടെ സൂചികയുടെ കാലിടറിയത് ഫണ്ടുകളെയും ഓപ്പറേറ്റർമാരെയും ലാഭമെടുപ്പിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. നിഫ്റ്റിക്ക് 111 പോയിന്റും സെൻസെക്സിന് 298 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഏപ്രിൽ ആദ്യം 17,200 റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ സൂചിക 1200 പോയിന്റ് ഉയർന്നതിനിടെ പ്രോഫിറ്റ് ബുക്കിംഗിനു കാണിച്ച താത്പര്യം സാങ്കേതിക തിരുത്തലുകൾക്കിടയാക്കി. മുൻവാരത്തിലെ 18,314 ൽ നിന്നും കഴിഞ്ഞ ലക്കം സുചിപ്പിച്ച ആദ്യ പ്രതിരോധമായ 18,449 ലക്ഷ്യമാക്കി നീങ്ങിയ സൂചികയ്ക്ക് ഈ മേഖലയിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദത്തിൽ വിപണി തിരുത്തലിലേക്കു വഴുതി.
ഇതോടെ നിഫ്റ്റി സൂചിക 18,060 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 18,203 ലാണ്. വ്യാഴാഴ്്ച മേയ് സീരീസ് സെറ്റിൽമെന്റാണ്. അതിനു മുന്നോടിയായുള്ള കവറിംഗിനു മുന്നിലുള്ള രണ്ട് ദിവസങ്ങളിൽ ഓപ്പറേറ്ററർമാർ നീക്കം നടത്തും. ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻ വെള്ളിയാഴ്്ചയിലെ 129.3 ലക്ഷം കരാറുകളിൽനിന്ന് 127.7 ലക്ഷമായി കുറഞ്ഞു. ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ലോംഗ് പൊസിഷനുകളിൽനിന്നും പിൻതിരിയുന്നതായി അനുമാനിക്കാം.
ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ സൂചിക മുന്നറിയേക്കാം. ആദ്യ മണിക്കൂറിൽ 18,249 റേഞ്ചിലെ തടസം ഭേദിക്കാനായാൽ 18,342-18,413 നെ ലക്ഷ്യമാക്കി തുടർന്നുള്ള ദിവസങ്ങളിൽ ചുവടുവയ്ക്കും. വിൽപ്പന സമ്മർദമുണ്ടായാൽ 18,026 ൽ ആദ്യ സപ്പോർട്ട് പ്രതീക്ഷിക്കാം. ഇതുനിലനിർത്താൻ ക്ലേശിച്ചാൽ 17,925-17,849 വരെ സാങ്കേതിക തിരുത്തലിനു സാധ്യത. മറ്റ് സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷായി നീങ്ങുമ്പോൾ പാരാബോളിക്ക് സെൽ സിഗ്നൽ നൽകി. എംഎസിഡി ബുള്ളിഷെങ്കിലും താത്കാലികമായി റിവേഴ്സ് മൂഡിൽ സഞ്ചരിക്കാം.
സെൻസെക്സ് 62,027 നിന്നുള്ള മുന്നേറ്റം, സൂചികയെ 62,559 വരെ കയറ്റി. ഉയർന്നതലത്തിൽനിന്നും ഏകദേശം 1300 പോയിന്റ് ഇടിഞ്ഞ് 61,251 പോയിന്റിലേക്ക് തിരുത്തൽ കാഴ്ചവച്ച ശേഷം മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 61,729 പോയിന്റിലാണ്. ഈ വാരം 61,133 സപ്പോർട്ട് നിലനിർത്തി 62,441 ലേക്ക് തിരിച്ചുവരവിന് ശ്രമിക്കാം.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 81.15 ൽ നിന്നും 82.89 ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം നിരക്ക് 82.66 ലാണ്. മൂല്യം 83.20-84 ലേക്ക് വരും ആഴ്ചകളിൽ ഇടിയാൻ സാധ്യത. വിദേശ നിക്ഷേപകർ 4211 കോടി രൂപ പോയവാരം നിക്ഷേപിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം 17,376 കോടി രൂപയാണ്. മാർച്ചിൽ 1997.70 കോടി രൂപയും ഏപ്രിലിൽ 5711.80 കോടി രൂപയും അവർ ഓഹരിയിൽ നിക്ഷേപിച്ചു.
വിദേശ പിന്തുണയിലാണ് ഏതാനും ആഴ്ചകളിൽ മികവു നിലനിർത്തിയത്. അതേസമയം യുഎസ് മാർക്കറ്റിലെ മാന്ദ്യം ഇന്ത്യയിൽ ആശങ്ക പരത്തുന്നു. ചൈന, കൊറിയ ഒഴികെ ഏഷ്യയിലെ മറ്റ് ഓഹരി ഇൻഡക്സുകൾ നേട്ടത്തിലാണ്. യൂറോപ്യൻ മാർക്കറ്റുകൾ മുന്നേറി, അവിടെ ഡാക്സ് സൂചിക സർവകാല റെക്കോർഡിലാണ്. യുഎസ് ഡെറ്റ് സീലിംഗ് ചർച്ചകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന സൂചനയാണ് വാരാന്ത്യം യുറോപ്യൻ മാർക്കറ്റിലെ ബുള്ളിഷ് ട്രെന്റിനു പിന്നിൽ.
തിരുത്തൽ പാതയിൽ സ്വർണം
ആഗോള സ്വർണ വിപണി സാങ്കേതിക തിരുത്തലിന്റെ പാതയിലാണ്. ഈ വാരം 2000 ഡോളറിലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ സ്വാഭാവികമായും 1954 ലെ താങ്ങിലേക്കു പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുമെന്നു കഴിഞ്ഞ ലക്കം വ്യക്തമാക്കിയത് ശരിവച്ച്, നിരക്ക് 1951 ഡോളർ വരെ ഇടിഞ്ഞു. അതായത്, 1860 റേഞ്ചിലേക്ക് സാങ്കേതിക തിരുത്തൽ തുടരാനുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. വാരാന്ത്യം നിരക്ക് 1977 ഡോളറിലാണ്.