ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി ഇൻഡക്സുകൾ ബുള്ളിഷ് മനോഭാവം നിലനിർത്തി മുന്നേറ്റ പാതയിലാണ്. മുൻവാരം സൂചിപ്പിച്ച 19,800 പോയിന്റിനെ കൈപ്പിടിയി ലൊതുക്കിയ ആവേശവുമായി ഇനി നിഫ്റ്റി 20,000-20,200 നെ ഉറ്റുനോക്കും. ഇൻഡക്സുകൾ രണ്ടു ശതമാനത്തിനടുത്ത് നേട്ടം സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇടപാടുകാർ വിപണിയെ സമീപിക്കുന്നത്.
ജി ‐20 ഉച്ചകോടിയിൽ ഭാരതം കാഴ്്ചവച്ച തിളക്കം വിദേശ നിക്ഷപ താത്പര്യം ഉയർത്താൻ അവസരം സൃഷ്ടിക്കുമെന്നത് ഓഹരി സൂചികയ്ക്ക് കരുത്താവും. റഷ്യയെ നോവിക്കാതെ യുക്രൈയിനെ സംരക്ഷിക്കാൻ നടത്തിയ സമാധാന നീക്കവും ആഗോള തലത്തിൽ ഇന്ത്യൻ ഖ്യാതി ഉയർത്തുന്നത് ഫണ്ട് പ്രവാഹത്തിന് അനുകൂല സാഹചര്യം ഒരുക്കും. ചെറിയൊരു ഇടവേളയ്ക്കുശേഷം രാജ്യത്ത് മൺസൂൺ ശക്തിപ്രാപിക്കുന്നത് കാർഷിക മേഖലയ്ക്കും സന്പദ്ഘടനയ്ക്കും ഗുണകരമാവും.
നിഫ്റ്റി 385 പോയിന്റും സെൻസെക്സ് 1228 പോയിന്റും പ്രതിവാര മികവിലാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയുടെ തലങ്ങും വിലങ്ങും ഓടിനടന്ന് മികച്ച ഓഹരികൾ കൈപ്പിടിയിലാക്കാൻ മത്സരിച്ചപ്പോൾ വിദേശ ഫണ്ടുകൾ കനത്ത വിൽപ്പനയ്ക്ക് ശ്രമിച്ചു. 9,322 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ഡോളർ സൂചികയിലെ ഉണർവും ഒരു പരിധി വരെ വിൽപ്പനയ്ക്ക് വേഗം പകർന്നു.
പ്രതിരോധം തകർത്ത് നിഫ്റ്റിയും സെൻസെക്സും
നിഫ്റ്റി 19,435 ൽനിന്നും കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ രണ്ടു പ്രതിരോധങ്ങൾ തകർത്തപ്പോൾ രംഗത്തുനിന്നും വിട്ടു നിന്ന വാങ്ങലുകാർ പുതിയ ബാധ്യതകൾക്ക് താത്പര്യം കാണിച്ചതോടെ ഏറെ നിർണായകമായ 19,842ലെ തടസവും മറികടന്ന് 19,867 വരെ മുന്നേറിയെങ്കിലും വ്യാപാരാന്ത്യം 19,819 പോയിന്റിലാണ്.
ഈവാരം നിഫ്റ്റി 19,981ലെ ആദ്യ തടസം മറികടക്കാനുള്ള ശ്രമം വിജയിക്കുന്നതോടെ മുന്നിലുള്ള ദിവസങ്ങളിൽ റിക്കാർഡ് പ്രകടനത്തിലൂടെ 20,143 ലേക്ക് ചുവടുവയ്ക്കാം. അനുകൂല തരംഗം ബുൾ ഓപ്പറേറ്റർമാരെ സെപ്റ്റംബർ സീരീസിൽ നിന്നും ഒക്ടോബറിലേക്ക് ലോംഗ് ഓപ്പണിംഗിനു പ്രേരിപ്പിച്ചാൽ വിജയദശമി-ദീപാവലി വേളയിൽ നിഫ്റ്റി 20,580 റേഞ്ചിൽ ഇടം പിടിക്കും.
ഡെയ്ലി ചാർട്ടിൽ സാങ്കേതികമായി രണ്ടു മാസമായി സെല്ലിംഗ് മൂഡിലായിരുന്ന സൂപ്പർ ട്രെൻഡ് ബുള്ളിഷായി. പാരാബോളിക്ക് എസ്എആറും പച്ചക്കൊടി ഉയർത്തി. എംഎസിഡി കരുത്തുനുള്ള ഒരുക്കത്തിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ അതിവേഗം ഓവർ ബ്രോട്ടായെങ്കിലും വീക്ക്ലി ചാർട്ട് അവ കുടുതൽ മുന്നേറുമെന്ന നിലയിലാണ്.
സെൻസെക്സ് 65,387ൽ നിന്നും തുടക്കത്തിൽ 65,284ലേക്കു തളർന്ന ശേഷമാണു മുന്നേറ്റത്തിന്റെ പാതയിലേക്കു പ്രവേശിച്ചത്. കഴിഞ്ഞ വാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധവും കടന്ന് 66,766 വരെ കയറിയ സൂചിക ക്ലോസിംഗിൽ 66,615ലാണ്. ഈവാരം 67,159-67,619ലെ പ്രതിരോധം ഭേദിച്ചാൽ 67,703നെ ലക്ഷ്യമാക്കും. വിപണിയുടെ ആദ്യ താങ്ങ് 65,677ലാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഡോളറിനുമുന്നിൽ 83.71 ൽ നിന്നും 83.21ലേക്ക് ദുർബലമായ ഘട്ടത്തിൽ റിസർവ് ബാങ്കിന്റെ ഇടപെടലി ന്റെ ഫലമായി രൂപ 82.94 ലേക്ക് മികവു കാണിച്ചു.
വിദേശ നാണയ കരുതൽ ശേഖരം സെപ്റ്റംബർ ഒന്നിന് അവസാനിച്ച വാരത്തിൽ 4.04 ബില്യൻ ഡോളർ ഉയർന്ന് 598.90 ബില്യൺ ഡോളറായി. രണ്ടു മാസത്തെ ഏറ്റവും വലിയ നേട്ടത്തിലാണ്.
ക്രൂഡ് വില കയറി
ഡോളറിന്റെ മികവിനിടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില മുന്നേറി. ഉത്പാദനം കുറയ്ക്കുന്നതു സംബന്ധിച്ച് റഷ്യയും സൗദിയും നടത്തിയ വെളിപ്പെടുത്തൽ എണ്ണ ചൂടുപിടിക്കാൻ അവസരമൊരുക്കി. ജൂണിൽ ബാരലിന് 72 ഡോളറിൽ നീങ്ങിയ എണ്ണ ഇതിനകം 25 ശതമാനം ഉയർന്ന് 90 ഡോളറിലെത്തി. 98 ഡോളറിനെയാണ് വിപണി ഉറ്റുനോക്കുന്നത്.
ആഗോള സ്വർണ വില ട്രോയ് ഔൺസിന് 1939 ഡോളറിൽ നിന്നും 1954 വരെ കയറിയ ശേഷം 1918 ലാണ്. ഡോളറിന്റെ മികവ് സ്വർണത്തെ തളർത്താമെങ്കിലും ചൈനീസ് സാന്പത്തിക നില തൃപ്തികരമല്ലാത്തിനാൽ അവർ സ്വർണത്ത അഭയം പ്രാപിച്ചാൽ വിപണിക്ക് 1880 ഡോളറിൽ തത്കാലം താങ്ങു ലഭിക്കും. ഓഗസ്റ്റിൽ ചൈനീസ് കേന്ദ്ര ബാങ്ക് 29 ടൺ സ്വർണം ശേഖരിച്ച വിവരമാണ് തുടക്കത്തിൽ 1954ലേക്ക് സ്വർണത്തെ കയറ്റിവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.