വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്
Sunday, September 17, 2023 12:24 AM IST
കൊച്ചി: ദക്ഷിണേഷ്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളായി വളർന്ന വിയറ്റ്നാം നഗരങ്ങളിലേക്കു ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന.
ഈ വർഷം ഓഗസ്റ്റ് വരെ ഇന്ത്യയില്‍നിന്നു 2,40,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. ഇതോടെ വിയറ്റ്നാം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യ മുൻനിരയിലെത്തി.
വിയറ്റ്നാം നഗരങ്ങളിലേക്കു ചുരുങ്ങിയ ചെലവിൽ ഇന്ത്യയിൽനിന്നു നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ തുടങ്ങിയതും ടൂറിസം രംഗത്ത് ആ രാജ്യം നടത്തിയ മുന്നേറ്റങ്ങളുമാണ് സന്ദർശകരുടെ എണ്ണം ഉയരാൻ കാരണം.
2022-ല്‍ ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്നാം സന്ദര്‍ശകരുടെ എണ്ണം 1,37,900 ആയിരുന്നു. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള വിയറ്റ്നാം സന്ദർശകരുടെ എണ്ണം അഞ്ചു ലക്ഷമെത്തുമെന്നാണ് പ്രതീക്ഷ.
ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹോചിമിന്‍ സിറ്റിയിലേക്കാണ് സഞ്ചാരികൾ ഏറെയെത്തുന്നത്. തലസ്ഥാനനഗരമായ ഹാനോയ്, ബീച്ച് ടൂറിസത്തിലൂടെ ശ്രദ്ധേയമായ കാം റാൺ എന്നിവിടങ്ങളിലേക്കും നിരവധി വിദേശസഞ്ചാരികളെത്തുന്നുണ്ട്.
ദീപാവലി പ്രമാണിച്ച് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി വിയറ്റ് ജെറ്റ് ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനും 31നും ഇടയില്‍ യാത്ര ചെയ്യാനായി ഈ മാസം 20നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇളവു ലഭിക്കുക.
ടിക്കറ്റ് നിരക്കിലെ ഇളവിനു പുറമേ സ്കൈ കെയർ ഇന്‍ഷ്വറന്‍സ് പാക്കേജും വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്. യാത്രയിലുടനീളം സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പാക്കേജ്.
ഇന്ത്യയും വിയറ്റ്നാമും തമ്മിലുളള സാംസ്കാരിക സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതു കൂടിയാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിലെ സൂചനയെന്നു വിയറ്റ് ജെറ്റ് അധികൃതർ പറഞ്ഞു.
ഇരു രാജ്യങ്ങളിലേയും പ്രധാന സാംസ്കാരിക, വാണിജ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിയറ്റ് ജെറ്റ് സൗകര്യമൊരുക്കുന്നുണ്ട്.