സാന്പത്തികരംഗത്ത് അടുത്ത മാസം മുതൽ നിരവധി മാറ്റങ്ങൾ
Wednesday, September 27, 2023 1:30 AM IST
മുംബൈ: രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കൈയിലുള്ള രണ്ടായിരം രൂപ നോട്ട് മാറ്റാനായി അനുവദിച്ച സമയത്തിന് ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റാൻ സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം സെപ്റ്റംബര്‍ 30ന് ശേഷവും 2000 രൂപ നോട്ടിന്റെ പ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.
1. 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ പോയി മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. സെപ്റ്റംബര്‍ 30ന് ശേഷം എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തത നല്‍കിയിട്ടില്ല.
2. നിലവിലുള്ള മ്യൂച്ചല്‍ ഫണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. അതിനു ശേഷം ഡെബിറ്റുകള്‍ക്കായി മ്യൂച്ചല്‍ ഫണ്ട് ഫോളിയോകള്‍ മരവിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
3. ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളിലും നോമിനിയുടെ പേര് ചേര്‍ക്കേണ്ട സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. അനന്തരവകാശിയുടെ പേര് നല്‍കിയില്ലെങ്കില്‍ സെപ്റ്റംബര്‍ 30ന് ശേഷം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് സെബിയുടെ സര്‍ക്കുലറില്‍ പറയുന്നത്.
4. വിദേശത്ത് ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ചാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 20 ശതമാനം ടിസിഎസ് ചുമത്തും. അതേസമയം മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ടിസിഎസില്‍ ഇളവുണ്ട്. അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് 0.5 ശതമാനമാണ് ടിസിഎസ് ( ടാക്സ് കളക്ഷന്‍ അറ്റ് സോഴ്സ്).
5. ഒക്ടോബര്‍ മുതല്‍ ആധാറിനും സര്‍ക്കാര്‍ ജോലികള്‍ക്കുമുള്ള ഒറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാറും. ജനന, മരണ രജിസ്ട്രേഷന് ഭേദഗതി നിയമം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും.