400 പിന്നിട്ട് ഉണക്ക കൊക്കോവില; റിക്കാര്‍ഡ്
Saturday, February 17, 2024 1:01 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വിദേശവിപണികളിലെ ക്ഷാമം കാരണം റിക്കാർഡുകൾ ഭേദിച്ച് കൊക്കോവില. ചരിത്രത്തിൽ ആദ്യമായി വില കിലോഗ്രാമിന് 400 രൂപയ്ക്കു മുകളിലെത്തി.
ഇന്നലെ ഇടുക്കിയിൽ ഒരു കിലോഗ്രാം ഉണക്ക കൊക്കോയ്ക്ക് 415-420 രൂപ നിരക്കിലാണ് കച്ചവടം നടന്നത്. പച്ച കിലോയ്ക്ക് 130-150 രൂപ തോതിലും കച്ചവടം നടന്നു. അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 5,800 ഡോളറിലാണ് ഇടപാടുകൾ നടന്നത്. ഗുണമേന്മയനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടായി.
പച്ചയ്ക്ക് കിലോയ്ക്ക് 100 രൂപ കടക്കുന്നത് ആദ്യമാണ്. മുമ്പ്, ഉണക്ക കൊക്കോയ്ക്ക് ലഭിച്ച പരമാവധി വില 280-300 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ വില 5,00 കടക്കാനുള്ള സാധ്യതയുണ്ടെന്നു ഇടുക്കി തടിയന്പാടുള്ള കൊക്കോ വ്യാപാരി ജോസ് കൂനംപാറ പറഞ്ഞു.
സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തിന്റെ 50 ശതമാനവും ഇടുക്കി ജില്ലയിലാണ്. ഹൈറേഞ്ച് പ്രദേശങ്ങളിലാണ് കൃഷി കൂടുതല്‍. വിലയിടിവിനെ തുടർന്നു നിരവധി കർഷകർ കൊക്കോ വെട്ടിനീക്കി ഏലം ഉൾപ്പെടെയുള്ള മറ്റുകൃഷികളിലേക്ക് മാറിയിരുന്നു.
അണ്ണാൻ, മരപ്പട്ടി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം ഉത്പാദനത്തെ സാരമായി ബാധിച്ചതും തിരിച്ചടിയായി. ഉത്പാദനം കുറഞ്ഞ സമയമായതിനാൽ നിലവിലെ വിലക്കയറ്റം കർഷകനു കാര്യമായ പ്രയോജനം ചെയ്യാത്ത സാഹചര്യമാണ്.
കൊക്കോ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഐവറികോസ്റ്റിലാണ്- പ്രതിവർഷം മൂന്നുലക്ഷം ടണ്‍. ഇവിടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് കേരളത്തിലടക്കം കൊക്കോവില കുതിച്ചുയരാൻ പ്രധാന കാരണം.