മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഓര്‍ത്തോപീഡിക്സ് സെന്റർ ഓഫ് എക്സലന്‍സ്
Tuesday, February 20, 2024 1:47 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗത്തെ സെന്റർ ഓഫ് എക്സലന്‍സ് നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിച്ചു.
അക്കാദമിക് മികവിന് ഒപ്പം അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങള്‍ കൂടി ചേരുമ്പോഴാണ് ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകുന്നതെന്നും ഇക്കാര്യത്തില്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ഉന്നത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ വൈദഗ്ധ്യം, അക്കാദമിക് പരിശീലനം , മള്‍ട്ടി ഡിസിപ്ലിനറി സമീപനം, അക്രഡിറ്റേഷന് തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ കൂടി പാലിച്ചാണ് ഓര്‍ത്തോപീഡിക്സ് വിഭാഗം മികവിന്റെ കേന്ദ്രമായതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ വിജയനിരക്കില്‍ ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറികള്‍, നിശ്ചിത കാലയളവിനുള്ളില്‍ ഏറ്റവുമധികം ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറികള്‍ നടത്തിയതിന്റെ പ്രത്യേക നേട്ടം എന്നിവ കൈവരിച്ച ഓര്‍ത്തോപീഡിക്സ് ചികിത്സാ വിഭാഗത്തിന് ഒപ്പം അനസ്തേഷ്യ, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, വാസ്കുലര്‍ സര്‍ജറി, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്നീ വിഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനം കൂടി ചേര്‍ന്നാണ് സെന്റര്‍ ഓഫ് എക്സലന്‍സ് നേടിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഒ.ടി. ജോര്‍ജ് സെന്റര്‍ ഓഫ് എക്സലന്‍സിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മാത്യു ഏബ്രഹാം, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.