കുരുമുളക് തേടി യൂറോപ്പ്; വിലയുയരും
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 17, 2024 12:37 AM IST
യൂറോപ്യൻ രാജ്യങ്ങളിൽനിന്നു കുരുമുളകിന് അന്വേഷണങ്ങളുണ്ടായി. കരുതൽശേഖരംവച്ച് കയറ്റുമതി ലോബി വിലപേശൽ തുടങ്ങി. റബർ മേഖല ടാപ്പിംഗിന്റെ താളം വീണ്ടെടുത്തു. മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനമുയരും. ഒസാക്കയിൽ റബർ 359 യെന്നിലെ പ്രതിരോധത്തിൽ കാലിടറി. അനുകൂല കാലാവസ്ഥ ഏലത്തോട്ടങ്ങളിൽ സുഗന്ധം പരത്തും. നാളികേരവിപണിയിൽ രക്ഷകനെത്തിയില്ല.
യൂറോപ്യൻ ബൈയർമാർ മലബാർ മുളകിന്റെ സ്ഥിതിവിവരങ്ങൾ ആരാഞ്ഞുതുടങ്ങി. ക്രിസ്മസ്-ന്യൂഇയർ വരെയുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള നീക്കത്തിലാണവർ. ഇന്ത്യൻ കുരുമുളകിന്റെ വില ടണ്ണിന് 9,000 ഡോളർ വരെ ഉയർന്നു. പ്രമുഖ കയറ്റുമതിക്കാർ പലരും വിളവെടുപ്പുവേളയിൽത്തന്നെ ചരക്കുസംഭരണം നടത്തിയതിനാൽ, ഗോഡൗണുകളിൽ ഉയർന്ന അളവിൽ ചരക്കുണ്ടെങ്കിലും, തിരക്കിട്ടു പുതിയ വിദേശ കച്ചവടങ്ങൾ ഉറപ്പിക്കുന്നതിനോടു പലർക്കും താത്പര്യക്കുറവുണ്ട്.
തിടുക്കമില്ലാതെ ലോബി
ആഗോളവിപണി ചൂടുപിടിച്ചു തുടങ്ങിയിട്ടേയുള്ളു. ഇനിയും ഏറെ മുന്നേറാനുണ്ടെന്നു വ്യക്തമായി അറിയാവുന്ന കയറ്റുമതി ലോബി കച്ചവടങ്ങൾക്കു തിടുക്കം കാണിക്കുന്നില്ലെന്നാണു യൂറോപ്യൻ ബൈയർമാരുടെ പക്ഷം. സീസണ് ആരംഭത്തിൽ സംഭരിച്ച ചരക്കായതിനാൽ ടണ്ണിന് ഏകദേശം 6000 ഡോളർ മാത്രമായിരുന്നു അന്നത്തെ വില.

വിളവെടുപ്പു മറയാക്കി വില കൃത്രിമമായി ഇടിച്ച് കർഷകരിൽനിന്നു മുളക് കൈക്കലാക്കിയവരുണ്ട്. ഉത്പന്നത്തിൽ ജലാംശത്തോത് ഉയർന്നെന്ന പേരിലും വിലയിടിക്കാൻ അന്നവർ മറന്നില്ല. ഉത്പാദനം കുറവായതിനാൽ കുരുമുളകുവില കുതിച്ചുകയറുമെന്ന് വ്യക്തമായി മനസിലാക്കി കിട്ടാവുന്ന ചരക്കത്രയും കൈപ്പിടിയിലാക്കി. സംഭരിച്ച മുളകിന് ഓരോ ടണ്ണിനും 3000 ഡോളർ ഇതിനകം വിലയുയർന്നു. വില 10,000 ഡോളർ മറികടക്കുമെന്ന അവസ്ഥയിലാണു രാജ്യാന്തര വിപണിയിലെ ചലനങ്ങൾ.
അടുത്ത മാസത്തിൽ വിദേശവ്യാപാരങ്ങൾ ഉറപ്പിക്കാനുള്ള അണിയറനീക്കങ്ങൾ അതീവ രഹസ്യമായി നടക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് ഷിപ്പ്മെന്റ് ഇക്കുറി സജീവമാകുമെന്നാണു വിപണി വൃത്തങ്ങളിൽനിന്നുള്ള സൂചന. അതേസമയം വിദേശ ഓർഡറിനു സാധ്യതയില്ലെന്നു പ്രചരിപ്പിച്ച്, കാർഷികമേഖലയിൽ ശേഷിക്കുന്ന മുളകുകൂടി കൈക്കാലാക്കാനുള്ള തന്ത്രങ്ങളും ഒരു വിഭാഗം നടത്തുന്നുണ്ട്. പിന്നിട്ട മുന്നാഴ്ചകളിൽ 10,000 രൂപ വർധിച്ചു. വാരാന്ത്യം കൊച്ചിയിൽ അണ്ഗാർബിൾഡ് മുളക് 67,600 രൂപയിലും ഗാർബിൾഡ് 69,600 രൂപയിലുമാണ്.
ടാപ്പിംഗ് തുടങ്ങി
റബർ മേഖല ടാപ്പിംഗ്താളം കണ്ടെത്തുകയാണ്. വരണ്ട കാലാവസ്ഥയിൽ നിർത്തിവച്ച റബർവെട്ട് ഒട്ടമിക്ക ഭാഗങ്ങളിലും പുനരാരംഭിച്ചതു കാർഷികമേഖലയിലെ ചെറു ചായക്കടകളെപോലും സജീവമാക്കി. ഇനി പരമാവധി റബർ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിടകർഷകർ തോട്ടങ്ങളെ സമീപിക്കുന്നത്.
വൻകിട എസ്റ്റേറ്റുകളിലും ടാപ്പിംഗ് പുനരാരംഭിച്ചു.പല ഭാഗങ്ങളിലും തൊഴിലാളികളുടെ ലഭ്യത ചുരുങ്ങിയെങ്കിലും ഷീറ്റ് വില ഉയരുന്നതിനാൽ പണിക്കാർ കൂടുതലായി രംഗത്തെത്തും. മാസാവസാനത്തിൽ ലാറ്റക്സ് ലഭ്യത ചെറുകിടവിപണികളിൽ ഉയരും. അധികം വൈകാതെ പുതിയ ഷീറ്റും വിൽപ്പനയ്ക്കിറങ്ങും. നാലാം ഗ്രേഡ് ഷീറ്റ് 20,000 രൂപയിൽനിന്ന് 20,300ലേക്കുയർന്നു. അഞ്ചാം ഗ്രേഡ് 19,600 രൂപയിൽനിന്ന് 20,000 രൂപയായി.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബറിനു പിന്നിട്ട രണ്ടാഴ്ചയായി സൂചിപ്പിക്കുന്ന 359 യെന്നിലെ പ്രതിരോധമേഖലയിൽ ഉടലെടുത്ത വില്പനസമ്മർദത്തിൽ 333 യെന്നിലേക്കു വാരാന്ത്യം ഇടിഞ്ഞു. അഞ്ച് ആഴ്ചകളിലെ തുടർച്ചയായ നേട്ടത്തിനുശേഷമാണു റബർ വിലയിടിയുന്നത്. 328 യെന്നിലെ സപ്പോർട്ട് നിലനിൽക്കുവോളം തിരിച്ചുവരവിന് അവസരമുണ്ട്.
അതേസമയം ഈ നിർണായകതാങ്ങ് നഷ്ടപ്പെട്ടാൽ 306 യെന്നിലേക്കു വിപണിയുടെ ദിശ തിരിയുമെന്നത് ഏഷ്യൻ മാർക്കറ്റുകളെ മൊത്തത്തിൽ ബാധിക്കും. ഈയവസരത്തിൽ ബാങ്കോക്കിൽ 200 രൂപയ്ക്കു മുകളിൽ പിടിച്ചുനിൽക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ കാലാവസ്ഥ കൂടി രക്ഷയ്ക്കെത്തണം.
യൂറോപ്യൻ പ്രഹരം
ജൂലൈ ഒന്നു മുതൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് 38.1 ശതമാനം അധിക തീരുവ ചുമത്താനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം ടയർ വ്യവസായ മേഖലയെ മാത്രമല്ല, റബർ ഉത്പാദക രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു. അവർ തീരുമാനത്തിൽ ഉറച്ചുനിന്നാൽ അതിന്റെ പ്രത്യാഘാതം വരുന്ന മൂന്നു മുതൽ ആറുമാസ കാലയളവിൽ ഏഷ്യൻ റബറിനെ സ്വാധീനിക്കും.
ഏലം കർഷകർ പ്രതീക്ഷകളോടെ പുതിയ സീസണിനായി കാത്തിരിക്കുന്നു. ഇതിനിടയിൽ സംസ്ഥാനത്തു കാലവർഷം ദുർബലമായതിനൊപ്പം 29 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതു കാർഷികമേഖലയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും.

അതേസമയം, അടുത്ത മാസം അവസാനം പുതിയ ഏലക്ക ചിലഭാഗങ്ങളിൽ വിളവെടുപ്പു നടത്താനാവുമെന്നു സൂചനയുണ്ട്. സീസണ് മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിൽപ്പനയ്ക്കിറക്കുന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. ശരാശരി ഇനങ്ങൾ കിലോ 2489 രൂപയിലും മികച്ചയിനങ്ങൾ 3233 രൂപയിലുമാണ്.
രക്ഷയില്ലാതെ തേങ്ങ
നാളികേരോത്പന്നങ്ങളുടെ രക്ഷയ്ക്കായി ആരുമെത്തിയില്ല. ഉത്പന്നവിപണി തളരുമെന്നു മുൻകൂർ വ്യക്തമാക്കിയിട്ടും നാളികേര കർഷകരെ താങ്ങാനോ ഒന്നു തിരിഞ്ഞുനോക്കാനോ ആരും തയാറായില്ല.

വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യമുയരാത്തതു മില്ലുകാരെ പിരിമുറുക്കത്തിലാക്കി. ഇതിനിടെ, തമിഴ്നാട് കൊപ്ര സംഭരണം നിർത്തിയതും വിപണിയെ പ്രതിസന്ധിയിലാക്കി. കൊച്ചിയിൽ കൊപ്ര 9800ൽനിന്ന് 9700 രൂപയായി. വെളിച്ചെണ്ണയ്ക്ക് 100 രൂപ കുറഞ്ഞ് 14,900ൽ ക്ലോസിംഗ് നടന്നു. ആഭരണവിപണിയിൽ സ്വർണവില ഉയർന്നു. പവൻ 52,560 രൂപയിൽനിന്ന് 53,200 രൂപയായി.