റബര്‍ വില വ്യാപാരികള്‍ ഇടിച്ചുതാഴ്ത്തുന്നതായി കര്‍ഷകര്‍
Thursday, July 18, 2024 10:43 PM IST
പത്തനംതിട്ട: റബറിനു വിപണി വില ഉയര്‍ന്നു നില്‍ക്കുമ്പോഴും ഉത്പാദകരായ കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില ലഭിക്കാതിരിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ആക്ഷേപം. റബര്‍ വില കുറച്ചു കാട്ടി കര്‍ഷകര്‍ക്കു ലഭിക്കേണ്ട വില കുറയ്ക്കുന്നുവെന്നാണ് പരാതി.
കാലാവസ്ഥാ വ്യതിയാനം കാരണം റബര്‍ ഉത്പാദനം ആഗോളതലത്തില്‍ കുറഞ്ഞിരിക്കുകയാണ്. കേരളത്തിലും ആറു മാസമായി ടാപ്പിംഗ് നടക്കുന്നില്ല. ഉത്പാദനം കുറയുകയും അന്താരാഷ്ട്ര വിപണിയില്‍ റബര്‍ കുറയുകയും ചെയ്ത സാഹചര്യത്തില്‍ ന്യായ വില കര്‍ഷകര്‍ക്കു ലഭിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമുണ്ടായിട്ടും അതു നല്കാന് ചില ലോബികള്‍ തയാറാകുന്നില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
വിപണിവില കുറച്ചുകാണിച്ചാണ് കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളിലെ വിപണനം. ഇതേ വില കേരളമൊട്ടാകെ പ്രാബല്യത്തിലാക്കുന്ന സമീപനമാണുള്ളത്. സ്റ്റോക്കില്ലാത്ത സാഹചര്യത്തിലും വിപണനത്തിനു തയാറായ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം കുറയ്ക്കാന്‍ വിപണിയിലുള്ള വിലയേക്കാള്‍ കുറച്ച് കര്‍ഷകര്‍ക്കു നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം. റബര്‍ ബോര്‍ഡും ഇതിനു സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനിടെ റബര്‍ ഇറക്കുമതി ആവശ്യപ്പെട്ട് വ്യാപാരികളില്‍ ഒരു വിഭാഗം കേന്ദ്രമന്ത്രിമാരെ സമീപിച്ചിട്ടുള്ളതായും സൂചനയുണ്ട്.
റബറിന് ഇനി വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കിലോഗ്രാമിന് 250 രൂപയെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിലെ എംപിമാര്‍ ശ്രമിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എന്‍എഫ്ആര്‍പിഎസ് രക്ഷാധികാരിയുമായ സുരേഷ് കോശി ആവശ്യപ്പെട്ടു.