സൂപ്പർ കപ്പാസിറ്റർ എന്ത്? എന്തിന് ? സൂപ്പർ കപ്പാസിറ്റർ അഥവാ അൾട്രാ കപ്പാസിറ്റർ/ഇലക്ട്രിക്കൽ ഡബിൾ ലെയർ കപ്പാസിറ്റർ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകൾ ഉയർന്ന ശേഷിയുള്ള കപ്പാസിറ്റുകളാണ്. അവയുടെ കപ്പാസിറ്റൻസ് സാധാരണ കപ്പാസിറ്ററുകളേക്കാൾ വളരെ ഉയർന്നതും എന്നാൽ കുറഞ്ഞ വോൾട്ടേജ് പരിധികളുള്ളവയുമാണ് (2.7 v വരെ). ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് 100 മടങ്ങ് ഊർജം സംരഭിക്കാൻ കഴിവുള്ളയാണ്. ആപ്ലിക്കേഷനുകളുടെ ആവശ്യാനുസരണം പല സൂപ്പർ കപ്പാസിറ്ററുകൾ പാരലൽ ആയോ സീരീസ് ആയോ കണക്ട് ചെയ്ത് കപ്പാസിറ്റർ പവർ ബാങ്കുകൾ നിർമിച്ചും ഉപയോഗിക്കാവുന്നതാണ്.
ബാറ്ററികളെ അപേക്ഷിച്ച് സൂപ്പർ കപ്പാസിറ്ററിന് വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും, കൂടാതെ റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യം ചെയ്യാനും കഴിയും. ഓർഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് നിർദിഷ്ട സൂപ്പർ കപ്പാസിറ്ററുകൾ നിർമിക്കുന്നത്.
അന്പതുവർഷം പൂർത്തിയാക്കുന്ന മാങ്ങാട്ടുപറന്പ് കെൽട്രോൺ രാജ്യത്തിന് സമർപ്പിക്കുന്ന ബൃഹത് പദ്ധതിയാണിത്. ആദ്യഘട്ടം കമ്മീഷൻ ചെയ്ത് നാലാം വർഷത്തോടെ 22 കോടിയുടെ വാർഷിക വിറ്റുവരവും 2.73 കോടിയുടെ വാർഷികലാഭവുമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടം പൂർത്തിയാക്കി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 1.8 ദശലക്ഷം കപ്പാസിറ്റർ ഉത്പാദനവും 14 കോടിയുടെ വാർഷിക ലാഭവുമാണ് ലക്ഷ്യമിടുന്നത്.
കെ.ജി. കൃഷ്ണ കുമാർ (എംഡി, കെൽട്രോൺ)