രണ്ടു നവീന ഉത്പന്നങ്ങള്‍ പുറത്തിറക്കി മില്‍മ
Thursday, April 24, 2025 12:42 AM IST
തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ.
കനകക്കുന്നില്‍ സംഘടിപ്പിച്ച സഹകരണ എക്സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സഹകരണ മന്ത്രി വി. എന്‍. വാസവന്, ക്ഷീരവികസനമൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ നിര്‍വഹിച്ചു. മില്‍മ ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം മന്ത്രി വി.എന്‍. വാസവനും മില്‍മ ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് മന്ത്രി ജെ. ചിഞ്ചുറാണിയുമാണ് പുറത്തിറക്കിയത്.
ഇടിയപ്പത്തിന് ഒരു വര്‍ഷത്തോളവും ഉപ്പുമാവിന് ആറുമാസത്തോളവും സൂക്ഷിപ്പ് കാലാവധിയുണ്ട്. വളരെപ്പെട്ടെന്ന് തയാറാക്കാനാകുന്ന ഈ വിഭവങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ല.