മൗഞ്ചാരോ ഇന്ത്യയിൽ ഹിറ്റ്
Tuesday, June 10, 2025 1:50 AM IST
മുംബൈ: ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഇലി ലില്ലി പുറത്തിറക്കിയ മൗഞ്ചാരോ ഇന്ത്യയിൽ ഹിറ്റ്. മാർച്ചിലാണ് മൗഞ്ചാരോ ഇന്ത്യയിൽ അവതരിപ്പിച്ചത്.
രാജ്യത്ത് മൂന്നു മാസത്തിനുള്ള 24 കോടി രൂപയുടെ വിൽപ്പനയാണ് നടന്നതെന്ന് ഫാർമറാക്ക് സമാഹരിച്ച ഇന്ത്യൻ ഫാർമ മാർക്കറ്റ് ഡാറ്റ പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മരുന്ന് അവതരിപ്പിച്ചതിനുശേഷം ഡോക്ടർമാരുടെ കുറിപ്പടികളുടെ എണ്ണവും ഈ മരുന്നിനെ ആശ്രയിക്കുന്ന പുതിയ രോഗികളുടെ എണ്ണവും വർധിച്ചു.
ആഴ്ചയിലൊരിക്കൽ ചർമത്തിൽ കുത്തിവയ്ക്കേണ്ട മൗഞ്ചാരോ (ടിർസെപറ്റൈഡ്) നിലവിൽ രണ്ട് ഡോസുകളിലാണ് വിപണിയിലെത്തുന്നത് - 2.5 മില്ലിഗ്രാം, 5 മില്ലിഗ്രാം. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (സിഡിഎസ് സിഒ) അംഗീകരിച്ച ഈ മരുന്നിന്റെ വില 2.5 മില്ലിഗ്രാമിന് 3500 രൂപയു 5 മില്ലിഗ്രാം ഡോസിന് 4,375 രൂപയുമാണ്.
മാർച്ച് മുതൽ മേയ് വരെയുള്ള കണക്കുകൾ പ്രകാരം, വിൽപ്പനയിലും അളവിലും സ്ഥിരമായ വർധന കാണപ്പെടുന്നു. മാർച്ചിലെ 3.46 കോടി രൂപയിൽ നിന്ന് ഏപ്രിലിൽ 7.87 കോടി രൂപയായും മേയ് മാസത്തിൽ 12.60 കോടി രൂപയായും വിൽപ്പന ഉയർന്ന് വെറും മൂന്ന് മാസത്തിനുള്ളിൽ ആകെ വിൽപ്പന 23.94 കോടി രൂപയായി. യൂണിറ്റുകളുടെ വിൽപ്പന മാർച്ചിൽ 11,640 ആയിരുന്നത് ഏപ്രിലിൽ 27,650 ആയും മേയിൽ 42,280 ആയും ഉയർന്നു. ആകെ 81,000 യൂണിറ്റുകൾ വിറ്റു.
2.5 മില്ലിഗ്രാമിന് പുതിയ കുറിപ്പടികൾ ലഭിക്കുണ്ടെങ്കിലും വേഗത്തിലാണ് 5 മില്ലി ഗ്രാമിലേക്കു പോകുന്നത്.
മാർച്ചിൽ 5,400 യൂണിറ്റായിരുന്ന 2.5 മില്ലിഗ്രാം മേയ് മാസത്തോടെ 19,350 ആയി ഉയർന്നു. അതേസമയം 5 മില്ലിഗ്രാം വേരിയന്റ് അതേ കാലയളവിൽ 6,240 യൂണിറ്റിൽ നിന്ന് 22,940 ആയി കുത്തനെ വർധിച്ചു.
നിലവിൽ ഈ മരുന്നിന്റെ ഉപയോഗം ഏതാണ്ട് പൂർണമായും കുറിപ്പടി അനുസരിച്ചാണ് നടക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് ഡോക്ടർമാർ രോഗികൾക്ക് ഈ മരുന്ന് നൽകിവരുന്നു.
ഈ മരുന്നിന്റെ ഇരട്ട-പ്രവർത്തന സംവിധാനം ഇന്ത്യയിൽ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ പൊണ്ണത്തടിക്കെതിരേയുള്ള ചികിത്സയ്ക്കുള്ളതായി മാറ്റിയിരിക്കുന്നു.
ഇന്ത്യയിൽ, പൊണ്ണത്തടി ചികിത്സയ്ക്കുള്ള വിപണി നിലവിൽ 3,000-3,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഐഎംഎആർസിയുടെ കണക്കുകൾ പ്രകാരം 2030 ആകുന്പോഴേക്കും ഇത് ഗണ്യമായി വികസിക്കുകയും 25,000 കോടി രൂപയിലെത്തുകയും ചെയ്യും.