അലയൻസ്-ജിയോ ഫിനാൻഷൽ സർവീസസ് റീഇൻഷ്വറൻസ് സംരംഭം
Saturday, July 19, 2025 11:55 PM IST
മുംബൈ: ജർമൻ ഇൻഷ്വറൻസ് കന്പനിയായ അലയൻസ്, റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാൻഷ്ൽ സർവീസസുമായി തുല്യ ഉടമസ്ഥതയിലുള്ള ഒരു റീഇൻഷ്വറൻസ് സംയുക്ത സംരംഭം ഇന്ത്യയിൽ രൂപീകരിച്ചു. ജിയോ ഫിനാൻഷൽ സർവീസസ്, അലയൻസ് ഗ്രൂപ്പുമായി 50:50 സംയുക്ത സംരംഭം പ്രഖ്യാപിച്ചു.
ജർമൻ കന്പനിയുടെ പൂർണ ഉപകന്പനിയായ അലയൻസ് യൂറോപ്പുമായാണ് കരാർ. നിയമപരമായ അനുമതികൾ കിട്ടിയാലുടൻ രാജ്യത്ത് പ്രവർത്തനം ആരംഭിക്കും. ജനറൽ, ലൈഫ് ഇൻഷ്വറൻസ് ബിസിനസിലും തുല്യപങ്കാളിത്തത്തോടെ ബിസിനസ് ആരംഭിക്കുന്നതായും കന്പനി അറിയിച്ചിട്ടുണ്ട്.
ബജാജ് അലയൻസ് ലൈഫ്, ബജാജ് അലയൻസ് ജനറൽ എന്നിവയിലെ 26 ശതമാനം ഓഹരികൾ വിൽക്കാൻ അലയൻസ് തീരുമാനിച്ചതിനു ശേഷമാണ് ജിയോയുമായി കൈകോർക്കുന്നത്. ബജാജ് ഫിൻസെർവുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട സംയുക്ത സംരംഭം അലയൻസ് അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് ഈ നീക്കം.
ഇന്ത്യയുടെ റീഇൻഷ്വറൻസ് മേഖല താരതമ്യേന കേന്ദ്രീകൃതമാണ്. രാജ്യത്തെ റീഇൻഷ്വറൻസ് വിപണിയിൽ ദീർഘകാലമായി ആധിപത്യം പുലർത്തുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ജിഐസി റീ എന്ന കന്പനിയാണ്. ഈ മേഖലയിലെ ഏക ഇന്ത്യൻ-ഇൻകോർപറേറ്റഡ് സ്ഥാപനമായി ഇത് തുടരുന്നു. ആഗോള കന്പനികളായ മ്യൂണിക് റീ, സ്വിസ് റീ, എസ്സിഒആർ എസ്ഇ തുടങ്ങിയവ ശാഖകൾ വഴിയാണ് പ്രവർത്തിക്കുന്നത്.
റീഇൻഷുറൻസ് പങ്കാളിത്തം ജിയോ ഫിനാൻഷൽ സർവീസസിന്റെ ആഴത്തിലുള്ള പ്രാദേശിക വൈദഗ്ധ്യവും ശക്തമായ ഡിജിറ്റൽ ശൃംഖലകളും അലയൻസിന്റെ ആഗോള റീഇൻഷ്വറൻസ് കഴിവുകളും ഇന്ത്യയിലെ 25 വർഷത്തെ പരിചയവും സംയോജിപ്പിച്ചുകൊണ്ടാകും പുതിയ സംയുക്ത സംരംഭം വിപണിയിൽ ഇറങ്ങുക.
എന്താണ് റീഇൻഷ്വറൻസ് ?
ഇൻഷ്വറൻസ് കന്പനികൾക്ക് അവരുടെ നഷ്ടസാധ്യത കുറയ്ക്കാനുള്ള മാർഗമാണ് റീഇൻഷ്വറൻസ്.ഒരു പ്രധാന ക്ലെയിം സംഭവത്തിന്റെ അപകടസാധ്യതയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് (കുറഞ്ഞത് ഭാഗികമായെങ്കിലും) ഒരു ഇൻഷ്വറൻസ് കന്പനി മറ്റൊരു ഇൻഷുറൻസ് കന്പനിയിൽ നിന്ന് വാങ്ങുന്ന ഇൻഷ്വറൻസാണ് റീഇൻഷ്വറൻസ്.