കോഹ്ലി കളിക്കുന്നുണ്ട്; ടീം തോൽക്കുന്നുമുണ്ട്
Thursday, September 13, 2018 12:26 AM IST
അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. അവസാന ടെസ്റ്റിലും ഇന്ത്യ തോറ്റു. ടീമിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. തോൽവി വലിയ മാർജിനിൽ തന്നെ. 118 റൺസിന്. ഈ പരന്പരയിൽ പ്രകടനം വിലയിരുത്തുന്പോൾ വ്യക്തമാകുന്ന കാര്യം ഇതാണ്. വിരാട് കോഹ്ലി ലോകോത്തര ബാറ്റ്സ്മാനാണ്; ക്യാപ്റ്റനെന്ന നിലയിൽ പരാജയവും. സഹകളിക്കാരെ പ്രചോദിപ്പിച്ച് മികച്ച പ്രകടനത്തിലേക്കെത്തിക്കുന്നതിൽ എന്തുകൊണ്ടോ അദ്ദേഹം പരാജയപ്പെടുന്നു. ക്രിക്കറ്റ് എല്ലാക്കാലത്തും ടീം ഗെയിമാണല്ലോ. അത് എവിടെയോ കോഹ്ലിപ്പടയ്ക്കു നഷ്ടമായിരിക്കുന്നു. ഒറ്റയാൾ പ്രകടനം നടത്തുന്ന ആൾക്കൂട്ടമായി ടീം ഇന്ത്യ മാറിയിരിക്കുന്നു.
അഞ്ചു ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ അദ്ദേഹം മുന്നിൽ നിൽക്കുന്നു. 593 റൺസാണ് അദ്ദേഹത്തിന്റെ സന്പാദ്യം. ഇത് അദ്ദേഹത്തിമന്റെ മികച്ച പ്രകടനമൊന്നുമല്ല. പക്ഷേ, ടീമിലെ രണ്ടാമത്തെ ഉയർന്ന റൺ നേട്ടം 299 റൺസാണ്. കെ. എൽ . രാഹുലിന്റെ വക. അതായത് 295 റൺസിന്റെ വ്യത്യാസം. അപ്പോൾ ഈ പരന്പര വിരാടിനെ സംബന്ധിച്ച് മികച്ചതാണെന്നു പറയാം. അദ്ദേഹം ടീമിലെ ബാറ്റ്സ്മാൻ മാത്രമല്ലല്ലോ. ക്യാപ്റ്റൻ കൂടിയല്ലേ. ആ നിലയ്ക്കുള്ള പ്രകടനം വളരെ ദയനീയം.
അവസാന മത്സരം ജയിക്കുമെന്നു തോന്നിപ്പിച്ചിരുന്നു. പക്ഷേ, നിർണായ സമയങ്ങളിൽ പിഴവുകൾ വരുത്തി. അത്തരം സന്ദർഭങ്ങളിൽ വരാവുന്ന പിഴവുകളെക്കുറിച്ചും അതിനെ നേരിടുന്നതിനെക്കുറിച്ചും ടീമംഗങ്ങളെ ശ്രദ്ധാലുക്കളാക്കുന്നതിൽ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലി അന്പേ പരാജയപ്പെട്ടു. ബാറ്റ്സ്മാൻ എന്ന നിലയിൽ അദ്ദേഹം ഇപ്പോഴും ലോകത്ത് ഒന്നാം നന്പറാണ്. പക്ഷേ, അദ്ദേഹം തകർത്താടുന്പോഴും ടീം ദയനീയമായി തോറ്റുകൊണ്ടിരിക്കുന്നു. അദ്ദേഹം ഇനിയും ആ സാഹചര്യത്തെ മനസിലാക്കേണ്ടിയിരിക്കുന്നു.
എഡ്ജ്ബാസ്റ്റണില് ഒന്നാം ടെസ്റ്റില്‍ മിന്നും പ്രകടനമാണ് കോഹ്ലിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. രണ്ട് ഇന്നിംഗ്സിലായി 200 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷേ ടെസ്റ്റില്‍ ഇന്ത്യ തോറ്റു. എല്ലാ മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു. ടോസ് നഷ്ടപ്പെട്ടാൽ മൈതാനത്തു സ്വീകരിക്കേണ്ട തന്ത്രം എല്ലാ മത്സരങ്ങളിലും പാളിയെന്നതാണ് കോഹ്ലിയുടെ ദുരന്തം. ഇതിഹാസമായ സച്ചിന് തെണ്ടുല്‍ക്കര്‍ക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. 2011 ല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഐസിസി ടെസ്റ്റ് ബാസ്റ്റ്മാന്മാരുടെ റാങ്കില്‍ ആദ്യ സ്ഥാനം നേടിയിരുന്നു. ഒാരോ തവണയും അദ്ദേഹം തന്റെ പ്രകടനത്തിൽ സ്ഥിരത നിലനിർത്തുന്നു. പക്ഷേ, ടീം പരാജയങ്ങളിലേക്കു വീഴുകയും ചെയ്യുന്നു. ഇത് വലിയ ഗുരുതരമായ സ്ഥിതിയാണ്. അതിന്റെ കാരണങ്ങൾ കൃത്യമായി മനസിലാക്കി തിരുത്തലുകൾ് വരുത്തിയില്ല എങ്കിൽ റിക്കാർഡുകളുടെ തോഴൻ; പരാജിതനായ നായകൻ എന്ന വിശേഷണമായിരിക്കും കോഹ്ലിയെ കാത്തിരിക്കുന്നത്.